17 November, 2025 10:33:27 AM


സാരിയെ ചൊല്ലി തര്‍ക്കം; വിവാഹത്തിന് ഒരു മണിക്കൂര്‍ മുമ്പ് വരന്‍ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്നു



ഗാന്ധിനഗര്‍: ഗുജറാത്തിലെ ഭാവ്‌നഗറിൽ സാരിയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വധുവിനെ പ്രതിശ്രുത വരൻ കൊലപ്പെടുത്തി. സോണി ഹിമ്മത് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സോണിയും പ്രതിശ്രുത വരനായിരുന്ന സാജൻ ബരയ്യയും കഴിഞ്ഞ ഒന്നര വർഷമായി ഒരുമിച്ചു താമസിക്കുകയായിരുന്നു. ഇവരുടെ വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. മിക്ക ചടങ്ങുകളും പൂർത്തിയായ ശേഷം ശനിയാഴ്ച രാത്രി അവർ വിവാഹിതരാകാനിരിക്കെയാണ് ദാരുണ സംഭവം.

വിവാഹത്തിന് ഒരു മണിക്കൂർ മുമ്പ് സാരിയും പണവും സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായതായിരുന്നു കൊലപാതക കാരണം. തർക്കത്തെ തുടർന്ന് കോപാകുലനായ സാജൻ സോണിയെ ഇരുമ്പുവടി കൊണ്ട് അടിക്കുകയും തല ചുമരിൽ ഇടിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇതിനു ശേഷം ഇയാൾ വീട്ടിലെ ഉപകരണങ്ങളെല്ലാം തല്ലിത്തകർത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. കുടുംബങ്ങളുടെ എതിർപ്പിനെ അവഗണിച്ചാണ് ഇവർ ഒരുമിച്ച് താമസിച്ചു വന്നിരുന്നത്. ശനിയാഴ്ച പ്രതി മറ്റൊരു അയൽക്കാരനുമായി വഴക്കിട്ടിരുന്നുവെന്നും അയാൾക്കെതിരെ പൊലീസിൽ ഇതിൻ്റെ പേരിൽ പരാതി ലഭിച്ചിരുന്നതായും പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952