16 April, 2020 12:56:27 AM


നാലാം ക്ലാസ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവായ അധ്യാപകന്‍ അറസ്‌റ്റില്‍കണ്ണൂര്‍: പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അതേ സ്‌കൂളില്‍ അധ്യാപകനായ ബി.ജെ.പി. നേതാവ്‌ അറസ്‌റ്റില്‍. ബി.ജെ.പി. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റും എന്‍.ടി.യു. ജില്ലാ നേതാവുമായ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട്‌ കുനിയില്‍ പത്മരാജ(45)നാണ്‌ അറസ്‌റ്റിലായത്‌. പോക്‌സോ കേസെടുത്ത്‌ ഒരു മാസത്തോളമായിട്ടും പ്രതിയെ പിടികൂടാത്തതിനെതിരേ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ്‌ അറസ്‌റ്റ്‌. 


പാനൂരിനടുത്ത്‌ ഒരു ബി.ജെ.പി. കേന്ദ്രത്തിലായിരുന്നു ഇയാള്‍. സംസ്‌ഥാനം വിട്ടെന്നു സംശയിക്കപ്പെട്ടിരുന്നെങ്കിലും വ്യാപകറെയ്‌ഡില്‍ പാനൂരില്‍നിന്നു കണ്ടെത്തുകയായിരുന്നു. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പോലീസ്‌ വരുന്നതറിഞ്ഞ്‌ ഇറങ്ങിയോടിയെങ്കിലും പിന്തുടര്‍ന്നു പിടികൂടി. തലശ്ശേരി ഡിവൈ.എസ്‌.പി: കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. മാര്‍ച്ച്‌ 17നാണ്‌ അധ്യാപകനെതിരേ പോക്‌സോ ചുമത്തി പാനൂര്‍ പോലീസ്‌ കേസെടുത്തത്‌.


ജനുവരിയിലും ഫെബ്രുവരിയിലുമായി മൂന്നു പ്രാവശ്യം അധ്യാപകന്‍ പീഡിപ്പിച്ചെന്നാണു വിദ്യാര്‍ഥിനിയുടെ മൊഴി. അവധി ദിവസം എന്‍.എസ്‌.എസ്‌. ക്ലാസുണ്ടെന്ന്‌ പറഞ്ഞ്‌ സ്‌കൂളിലേക്ക്‌ വിളിപ്പിച്ചു ശുചിമുറിയില്‍വച്ചു പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാല്‍ കുട്ടിയെയും മാതാവിനെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. പ്രതിയെ അറസ്‌റ്റ്‌ ചെയ്ുയന്നതിനു പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യംചെയ്‌തു മാനസികമായി തളര്‍ത്താനുള്ള ശ്രമമാണു പോലീസ്‌ നടത്തിയതെന്ന്‌ പരാതി ഉയര്‍ന്നിരുന്നു.


കഴിഞ്ഞ മാസം 16നാണു തലശേരി ഡിവൈ.എസ്‌.പി. ഓഫീസിലെത്തി ബന്ധുക്കള്‍ പരാതി നല്‍കിയത്‌. വൈദ്യപരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. മജിസ്‌ട്രേറ്റും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അറസ്‌റ്റ്‌ വൈകുന്നതില്‍ പോലീസിനെതിരേ മന്ത്രി കെ.കെ ശൈലജ രംഗത്തെത്തിയിരുന്നു. വിവിധ സംഘടനകളും പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക്‌ പേജിലും പ്രതിഷേധമുയര്‍ന്നു. ഇന്നലെ നിരാഹാര സമരത്തിനെത്തിയ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ റിജില്‍ മാക്കൂറ്റിയടക്കമുള്ള നേതാക്കളെ പോലീസ്‌ അറസ്‌റ്റ്‌ചെയ്‌തു നീക്കി.


പത്മരാജനെ ഉടന്‍ അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം. സുധീരന്‍ മുഖ്യമന്ത്രിക്ക്‌ കത്തയച്ചിരുന്നു. മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പാണക്കാട്‌ മുനവറലി ശിഹാബ്‌ തങ്ങളും പ്രതിഷേധിച്ചു. വിഷയം ശ്രദ്ധയില്‍പ്പെട്ടതുമുതല്‍ വിദ്യാര്‍ഥിനിക്കു നീതി ലഭിക്കാന്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ്‌ സി.പി.എമ്മെന്നും ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലമാണ്‌ അറസ്‌റ്റ്‌ വൈകിയതെന്നും പാര്‍ട്ടി ജില്ലാ നേതൃത്വം പ്രതികരിച്ചു. 


അതേ സമയം, പാര്‍ട്ടി നേതാവിനെതിരായ പരാതിയില്‍ സംശയമുണ്ടെന്നായിരുന്നു ബി.ജെ.പി. ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. ആരോപണ വിധേയന്‍ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട്‌ തന്റെ നിലപാടുകള്‍ വ്യക്‌തമാക്കിയതിന്റെ പേരില്‍ ചിലര്‍ക്ക്‌ അദ്ദേഹവുമായി പ്രശ്‌നങ്ങളുമുണ്ടായിരുന്നു. അതിന്റെ ബാക്കിപത്രമാണോ ഈ പരാതിയെന്നു സംശയമുണ്ടെന്നും അതേസമയം, കുറ്റം ചെയ്‌തിട്ടുണ്ടെങ്കില്‍ ദയ അര്‍ഹിക്കുന്നില്ലെന്നും ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌ എന്‍. ഹരിദാസ്‌ പറഞ്ഞുShare this News Now:
  • Google+
Like(s): 2.6K