13 July, 2020 04:36:46 PM


ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ ജാമ്യമില്ലാ വാറന്‍റ് ; ജാമ്യക്കാര്‍ക്കെതിരെ കേസ്



കൊച്ചി: ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യം റദ്ദ് ചെയ്ത് കോടതി ഉത്തരവായി. ബിഷപ്പിനെതിരെ ജാമ്യമില്ലാ വാറന്‍റ്  പുറപ്പെടുവിച്ച കോടതി പ്രതിയെ ഹാജരാക്കാത്ത ജാമ്യക്കാർക്ക് എതിരെ പ്രത്യേക കേസും എടുത്തു. ജാമ്യ തുക കണ്ടുകെട്ടാതിരിക്കുവാൻ കാരണം ബോധിപ്പിക്കാൻ നോട്ടീസ് ഉത്തരവും കോടതി പുറപ്പെടുവിച്ചു. വിചാരണ കോടതിയായ കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്‌ജി ജി. ഗോപകുമാർ ആണ് തുടച്ചയായി കോടതിയിൽ ഹാജരാകാത്ത പ്രതിക്ക് എതിരെ കർശന നടപടി സ്വീകരിച്ചത്.


ഇന്ന് കേസ് പരിഗണിച്ചപ്പോഴും ഫ്രാങ്കോ കോടതിയിൽ ഹാജരായില്ല. കേരളത്തിലേയ്ക്ക് വിമാന ടിക്കറ്റ് ബുക്കുചെയ്തിരുന്ന ബിഷപ്പിനോട് ഹോം കോറന്‍റയിനിൽ പോകാൻ അധികൃതർ നിർദ്ദേശിച്ചതിനാലാണ് ഇന്ന് കോടതിയില്‍ ഹാജരാകാതിരുന്നതെന്ന് പ്രതിഭാഗം ബോധിപ്പിച്ചു. കേരളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് നിയമോപദേശത്തിനായി സമീപിച്ച ബിഷപ്പിന്‍റെ അഭിഭാഷകൻ അഡ്വ. മന്ദീപ് സിംഗ് സച്ചേ ദേവിന് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനാലാണ് ക്വാറന്‍റയിനില്‍  പ്രവേശിച്ചതെന്നും പ്രതിഭാഗം കോടതിയെ ധരിപ്പിച്ചു.


കഴിഞ്ഞ അവധിദിവസമായ ജൂലൈ ഒന്നിന് പ്രതി കണ്ടയൻമെന്റ് സോണിലായതിനാലാണ് ഹാജരാകാതിരുന്നത് എന്ന് പ്രതിഭാഗം ബോധിപ്പിച്ചിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഈ വാദം കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ചൂണ്ടികാണിക്കപ്പെട്ടു. പ്രതി താമസിക്കുന്ന ബിഷപ്പ് ഹൗസ് ഉൾപ്പെടുന്ന ജലന്തർ സിവിൽ ലൈൻ മേഖല കണ്ടയിൻമെന്‍റ് സോൺ അല്ലെന്നും മനപൂർവ്വം കേസ് നീട്ടുവാനുള്ള ശ്രമമാണ് ഉണ്ടാക്കുന്നത് എന്നും സ്പെഷ്യൽ പ്രാസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ.ബാബുവിന്റെ വാദം അംഗീകരിച്ചാണ് കോടതി കടുത്ത നടപടിയിലേക്ക് കടന്നത്. പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത കോടതി കോട്ടയം ജില്ലാ പോലീസ് മേധാവി മുഖേനയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. കേസ് അടുത്ത മാസം 13ാം തീയതിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K