26 September, 2020 09:33:44 PM


മാന്നാനത്ത് കള്ള്ഷാപ്പില്‍ കുത്തേറ്റ് യുവാവ് മരിച്ചു; ഒരാള്‍ പോലീസ് കസ്റ്റഡിയില്‍



കോട്ടയം: മാന്നാനത്ത് കള്ള് ഷാപ്പിലുണ്ടായ വാക്കേറ്റത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ചു. അതിരമ്പുഴ മാന്നാനം നടുമ്പറമ്പില്‍ സന്തോഷ് (40) ആണ് മരിച്ചത്. സംഭവത്തില്‍ മാന്നാനം സ്വദേശി രതീഷി(50)നെ ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളോടൊപ്പമുണ്ടായിരുന്ന വട്ടുകുളം ബാബു ഒളിവിലാണ്. മാന്നാനം - അതിരമ്പുഴ റോഡില്‍ സ്ഥിതിചെയ്യുന്ന കള്ളുഷാപ്പിന്‍റെ വളപ്പില്‍ രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. 


ഒരേ നാട്ടുകാരും പരിചയക്കാരുമാണ് സന്തോഷും രതീഷും. രാവിലെ മുതല്‍ തന്നെ ഇവര്‍ മദ്യപിച്ചിരുന്നതായാണ് പോലീസ് മനസിലാക്കുന്നത്. വൈകിട്ട് കള്ളുഷാപ്പിനടുത്ത് എത്തിയ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഷാപ്പ് അടക്കുന്നതിനിടെയാണ് മുന്‍വശത്ത് ഇരുട്ടത്ത് കുത്തേറ്റ് കിടക്കുന്ന സന്തോഷിനെ കാണുന്നത്. ഉടനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കസ്റ്റഡിയിലെടുത്ത രതീഷിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K