15 August, 2026 09:36:53 AM
ഇടുക്കിയില്‍ മകന്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി

നെടുങ്കണ്ടം: ഇടുക്കിയിൽ മകൻ മാതാപിതാക്കളെ കുത്തികൊലപെടുത്തി. നെടുങ്കണ്ടം എഴുകുംവയൽ പാറത്തറയില്‍ ആന്റണിയും (59), ഭാര്യ വത്സമ്മ ( 55) യുമാണ് കൊല്ലപ്പെട്ടത്. മകന്‍ അജീഷ് (26) പോലിസ് കസ്റ്റഡിയിൽ. അജീഷ് ലഹരിക്കടിമയെന്നാണ് സൂചന. രാത്രി 9.30 ഓടെയാണ് കൊലപാതകം.
അജീഷ് മാതാപിതാക്കളുമായി വഴക്കിടുകയും പ്രകോപിതനായി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബന്ധുവിന് അയച്ചുകൊടുത്തിരുന്നു. ബന്ധു ഇത് ഇടവകയിലെ വൈദികന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
നെടുങ്കണ്ടം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ആന്തരാവയവങ്ങൾ പുറത്ത് വന്ന നിലയിലാണ് മൃതദേഹങ്ങൾ. അജീഷ് ലഹരിമുക്തികേന്ദ്രത്തിൽ ചികിത്സയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ് നാട്ടുകാർ എത്തുമ്പോൾ അജീഷ് മദ്യലഹരിയിലായിരുന്നു. സംഭവം നടക്കുമ്പോൾ ആന്റണിയുടെ മാതാവ് ചിന്നമ്മയും വീട്ടിലുണ്ടായിരുന്നു. ചിന്നമ്മയെ ആക്രമിച്ചില്ലെന്നാണ് വിവരം. പ്രദേശവാസികൾ എത്തിയാണ് ഇവരെ മാറ്റിയത്.





