04 February, 2021 11:37:36 AM


ഭര്‍തൃപിതാവുമായി വഴക്കുണ്ടാക്കിയ യുവതി രണ്ട് വയസ്സുള്ള മകനെ കൊന്നു



ഹൈദരാബാദ്: ഭര്‍ത്തൃപിതാവുമായുള്ള തര്‍ക്കത്തിനൊടുവില്‍ ദേഷ്യം മൂത്ത് രണ്ട് വയസ്സുള്ള മകനെ കൊന്ന് യുവതി. ഹൈദരാബാദിലെ രാമണ്ണഗുഡ ഗ്രാമത്തില്‍ ചൊവ്വാഴ്ച്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ശിവകുമാര്‍ എന്നയാളുടെ ഭാര്യ പരമേശ്വരിയാണ് രണ്ടു വയസുള്ള മകന്‍ ധനുഷിനെ കൊലപ്പെടുത്തിയത്. അഞ്ച് വര്‍ഷം മുമ്ബാണ് പരമേശ്വരി ശിവകുമാറിനെ വിവാഹം കഴിച്ചത്. ഇതില്‍ രണ്ട് മക്കളുമുണ്ട്. രണ്ട് വയസ്സ് പ്രായമുള്ള രണ്ടാമത്തെ മകനെയാണ് പരമേശ്വരി കൊലപ്പെടുത്തിയത്.


ചൊവ്വാഴ്ച്ച ശിവകുമാര്‍ ജോലിക്ക് പോയ സമയത്താണ് സംഭവം. ശിവകുമാറിന്റെ പിതാവ് വെങ്കട്ടയയ്യുമായി പരമേശ്വരി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഭര്‍തൃപിതാവുമായി വഴക്കുണ്ടായതിന് ശേഷം ഇളയമകന്‍ ധനുഷുമൊത്ത് മുറിയില്‍ കയറിയ പരമേശ്വരി മകനെ കൊല്ലുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഒരു ബന്ധു വീട്ടില്‍ എത്തിയപ്പോഴാണ് മകന്‍ മരിച്ചിരിക്കുന്നതായി കണ്ടെത്തിയത്. കൊലപാതക സമയത്ത് പരമേശ്വരി മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.


വാതരോഗിയാണ് ശിവകുമാറിന്റെ പിതാവ് വെങ്കട്ടയ്യ. പുകവലിക്കരുതെന്ന് ഇദ്ദേഹത്തോട് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡോക്ടര്‍മാരും കുടുംബാംഗങ്ങളും പറയുന്നത് ചെവിക്കൊള്ളാതെ വെങ്കട്ടയ്യ പുകവലി തുടര്‍ന്നു. ഇതുമായി ബന്ധപ്പെട്ട സംസാരമാണ് പരമേശ്വരിയുമായി വഴക്കില്‍ എത്തിയത്.

കുട്ടി എങ്ങനെയാണ് മരിച്ചതെന്ന് ബന്ധു ചോദിച്ചെങ്കിലും പരമേശ്വരി ആദ്യം സത്യം പറഞ്ഞില്ല. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് താന്‍ തന്നെയാണ് മകനെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ സമ്മതിച്ചത്. ഭര്‍തൃപിതാവുമായുള്ള വഴക്കിനെ തുടര്‍ന്നുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണമെന്നും പരമേശ്വരി പൊലീസിനോട് പറഞ്ഞു. കൊലപാതക കുറ്റത്തിന് പരമേശ്വരിയെ അറസ്റ്റ് ചെയ്തു. 



Share this News Now:
  • Google+
Like(s): 3.7K