28 September, 2026 04:25:39 PM
ആലുവയിൽ 10 കിലോ കഞ്ചാവുമായി 3 ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊച്ചി: ആലുവയിൽ വൻ കഞ്ചാവ് വേട്ട. പത്തു കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടി. ഒഡീഷ കാളഹന്ദി സ്വദേശികളായ ഹിരലാൽ ഗോപാൽ (30), ഗോബർദ്ദൻ നിയാൽ (36), ഗജീന്ദ്ര റാണ (20) എന്നിവരാണ് പിടിയിലായത്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒഡീഷയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ സംഘം പെരുമ്പാവൂരിലേക്ക് പോകാൻ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുന്നതിനിടയിലാണ് പോലീസിന്റെ വലയിലായത്.
ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 3,000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ പത്തിരട്ടി വിലയ്ക്കാണ് അതിഥി തൊഴിലാളികൾക്കിടയിൽ വിറ്റിരുന്നത്. ആലുവ ഡിവൈ.എസ്.പി, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി, ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.





