22 July, 2021 06:43:16 PM


കാൽ നൂറ്റാണ്ടിനു ശേഷം ജഴ്സി സ്പോൺസർമാരെ മാറ്റി ഇറ്റാലിയൻ ക്ലബ് ഇന്‍റർമിലാൻ



മിലന്‍: 26 വർഷങ്ങൾക്കു ശേഷം ജഴ്സി സ്പോൺസർമാരെ മാറ്റി ഇറ്റാലിയൻ ക്ലബ് ഇൻ്റർമിലാൻ. ടയർ കമ്പനിയായ പിറേലിയുമായാണ് ഇൻ്റർമിലാൻ വേർപിരിഞ്ഞത്. വരുന്ന സീസൺ മുതൽ ഡിജിറ്റൽ ഫാൻ ടോക്കൺ പ്ലാറ്റ്ഫോമായ സോഷ്യോസ്.കോം ആവും ഇൻ്റർമിലാൻ ജഴ്സി സ്പോൺസർ ചെയ്യുക. 1995 മുതൽ പിറേലിയാണ് ഇൻ്റർമിലാൻ്റെ കിറ്റ് സ്പോൺസർ.


26 വർഷത്തിനിടെ പല ക്ലബുകളും കിറ്റ് സ്പോൺസറെ മാറ്റിയെങ്കിലും ഇൻ്റർ പിറേലിയുമായി സഹകരണം തുടർന്നു. പിറേലിയുടെ കിറ്റിൽ ആറ് സീരി എ കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗും ഇൻ്റർ നേടി. പുതിയ സ്പോൺസർമാരിൽ ആരാധകർ തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പോൺസർമാരുടെ പേരുള്ള ജഴ്സി കാണാൻ തീരെ നല്ലതല്ലെന്നാണ് ആരാധകരുടെ വിമർശനം. പിറേലിയെ തിരികെ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെടുന്നു.


അതേസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗ് വരുന്ന സീസൺ ഓഗസ്റ്റ് 14ന് ആരംഭിക്കും. മത്സരങ്ങൾക്ക് പരിമിതമായ അളവിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന് സൂചനയുണ്ട്. നിലവിൽ പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയാണ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ. ആദ്യ ദിനം തന്നെ വമ്പൻ പോരാട്ടങ്ങളാണ് പ്രീമിയർ ലീഗ് ആരാധകരെ കാത്തിരിക്കുന്നത്.
ചാമ്പ്യമാരായ മാഞ്ചസ്റ്റർ സിറ്റി ടോട്ടനം ഹോട്സ്പറിനെ നേരിടുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ സീസണിലെ കറുത്ത കുതിരകളായ ലീഡ്സ് യുണൈറ്റഡിനെ നേരിടും.


സിറ്റി ടോട്ടനത്തിനെതിരെ എവേ മത്സരമാണ് കളിക്കുക. അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തം തട്ടകത്തിലാണ് മത്സരം. ചെൽസി-ക്രിസ്റ്റൽ പാലസ്, ആഴ്സണൽ-ബ്രെൻ്റ്ഫോർഡ്, ലിവർപൂൾ-നോർവിച്ച് എന്നീ മത്സരങ്ങളും ആദ്യ ദിനം നടക്കും. ബ്രെന്റ്ഫോഡ്, നോർവിച്ച് സിറ്റി, വാറ്റ്ഫോർഡ് എന്നീ ടീമുകളാണ് ഇക്കുറി സ്ഥാനക്കയറ്റം ലഭിച്ച് എത്തുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K