05 December, 2021 12:12:24 PM


ഒമിക്രോൺ: ഔദ്യോഗിക സ്ഥിരീകരണത്തിന് രണ്ട് ദിവസം മുമ്പ് ഇന്ത്യയിൽ എത്തിയെന്ന്



ന്യൂഡൽഹി: കോവിഡ് 19 ഒമിക്രോൺ വകഭേദം ഇന്ത്യയിൽ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനും രണ്ട് ദിവസം മുമ്പ് എത്തിയിട്ടുണ്ടെന്ന് കർണാടകയിലെ ഉന്നത ആരോഗ്യവിദഗ്ധൻ. ഇന്ന് രാജ്യത്ത് അഞ്ചാമത്തെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉന്നത ആരോഗ്യ പ്രവർത്തകന്റെ വെളിപ്പെടുത്തൽ. കർണാടകയിലെ SARS-CoV-2 ന്‍റെ ജനിതക സ്ഥിരീകരണത്തിനുള്ള നോഡൽ ഓഫീസറും ഉന്നത വൈറോളജിസ്റ്റുമാണ് ഇക്കാര്യം ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്.

ലോകാരോഗ്യ സംഘടന 'ആശങ്കപ്പെടേണ്ട വകഭേദ'ത്തിന്‍റെ വിഭാഗത്തിൽ ഉൾപ്പെടുത്തിയ വൈറസ് കർണാടകയിൽ നേരത്തേ കണ്ടെത്തിയിരുന്നുവെന്നും ഉറപ്പു വരുത്തുന്നതിനായി റിപ്പോർട്ട് കേന്ദ്രത്തിന് അയക്കുകയായിരുന്നുവെന്നുമാണ് ഡോ. വി രവി അറിയിച്ചിരിക്കുന്നത്. കേന്ദ്രത്തിലേയും സംസ്ഥാനത്തേയും വിദഗ്ധർ പരിശോധിച്ചതിനു ശേഷമാണ് ഔദ്യോഗികമായി അറിയിപ്പ് നൽകിയത്. നവംബർ മുപ്പതിന് കർണാടകയിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയെങ്കിലും ഡിസംബർ രണ്ടിനാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് സംസ്ഥാനത്തിന് മാത്രമായി ഇക്കാര്യം പ്രഖ്യാപിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബർ രണ്ടിനാണ് രാജ്യത്ത് ആദ്യമായി ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. കർണാടകയിലാണ് ആദ്യത്തെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനു പിന്നാലെ മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡിസംബർ നാലിന് ഓരോ കേസുകൾ റിപ്പോർട്ട് ചെയ്തു. ഡല്‍ഹിയിലാണ് ഇന്ന് പുതിയ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയിൽ ആദ്യമായി ആൽഫ വകഭേദം റിപ്പോർട്ട് ചെയ്തതും കർണാടകയിലായിരുന്നു. ജീനോമിക് സീക്വൻസിംഗ് നിരീക്ഷണത്തിന്റെ മുകളിലാണ് ഞങ്ങൾ ഇതുവരെ. ഒമിക്രോൺ വേരിയന്റിന്റെ സാന്നിധ്യം കേന്ദ്രം പ്രഖ്യാപിച്ചപ്പോഴേക്കും സംസ്ഥാനത്ത് രോഗികളെ കുറിച്ചുള്ള വിശദാംശങ്ങളും അടുത്തിടപഴകിയവരെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചിരുന്നതായി ഡോ. രവി പറഞ്ഞു. കർണാടകയിൽ നാൽപ്പത്തിയാറുകാരനാണ് ആദ്യമായി ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. ഇദ്ദേഹം അടുത്തിടെ വിദേശത്തേക്ക് യാത്ര നടത്തിയിട്ടുമില്ല. എങ്കിലും പുതിയ വകഭേദം പടരാനുള്ള സാധ്യത ഡോ. രവി തള്ളിക്കളയുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K