09 January, 2022 10:29:54 AM


ക്രിമിനലുകളും കണ്ണടച്ച സി സി ടി വികളും; സുരക്ഷ നഷ്ടപ്പെട്ട് കോട്ടയം മെഡി.കോളജ് ആശുപത്രി



കോട്ടയം: നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തിനുപിന്നാലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ സംവിധാനങ്ങളിൽ വലിയ അപാകതയെന്ന് പരാതികള്‍ ഉയരുന്നു. സുരക്ഷാജീവനക്കാരുടെ കുറവും നിരീക്ഷണക്യാമറകളുടെ അഭാവവും ക്രമിനലുകളുടെ കടന്നുകയറ്റവും എല്ലാം വീഴ്ചകളായി ചൂണ്ടികാട്ടപ്പെടുന്നു. രാത്രികാലങ്ങലില്‍ ആശുപത്രി പരിസരം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നു. സുരക്ഷാ പരിശോധനകൾ ഒന്നുമില്ലാതെ പ്രധാന കവാടങ്ങളിലൂടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് ആർക്കും കടന്നുവരാം എന്നതും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. 

കുട്ടിയെ തട്ടിയെടുത്ത സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഗൗരവതരമായ സുരക്ഷാ പാളിച്ചകളാണ്.  40 സുരക്ഷാ ജീവനക്കാരുടെ കുറവാണ് ആശുപത്രിയിലുള്ളത്. പ്രധാന കവാടങ്ങളിൽ സിസിടിവിയുമില്ല. ആശുപത്രി പരിസരത്തുള്ള ക്യാമറകളിൽ മിക്കവയും പ്രവർത്തിക്കുന്നുമില്ല. ആശുപത്രിക്ക് പുറത്തും അകത്തുമായുള്ള ക്യാമറകളിൽ പ്രവർത്തിക്കുന്നത് എഴുപത് ശതമാനം മാത്രം. 

വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് പതിയുന്ന, രാത്രികാല ദൃശ്യം വ്യക്തതയോടെ കിട്ടുന്ന ക്യാമറകൾ പ്രധാന കവാടങ്ങളിൽ സ്ഥാപിക്കണമെന്ന പൊലീസ് ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം. പക്ഷെ നടപടിയെടുക്കുന്നതിൽ അലംഭാവം തുടരുന്നു. 
ഇതുകൊണ്ട് തന്നെ ക്രിമിനലുകൾ ആശുപത്രി പരിസരം താവളമാക്കുന്നു. കൂടുതലും അന്യജില്ലകളിൽ നിന്നുള്ളവർ. ആറ് മാസത്തിനകം ഇരുപതിലധികം ക്രിമിനൽ കേസ് പ്രതികളെ പൊലീസ് പിടികൂടി. കൂടുതലും മൊബൈൽ ഫോണും ബൈക്ക് മോഷ്ടിച്ച സംഭവങ്ങൾ. ഒരു മാസം മുമ്പ് കോഴിക്കോട് സ്വദേശിയെ പിടിച്ചത് കൂട്ടിരുപ്പുകാരിൽ പലപ്പോഴായി മോഷ്ടിച്ച 25ൽ അധികം മൊബൈൽ ഫോണുകളുമായി. 

പല കവാടങ്ങളിലും ഒരു സമയം ജോലിയിൽ ഉണ്ടാകുന്നത് ഒരാൾ മാത്രം. സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കേണ്ട ചീഫ് സെക്യൂരിറ്റി ഓഫീസറുടെ മൂന്ന് തസ്തികയിൽ രണ്ടെണ്ണവും ഒഴിഞ്ഞ് കിടക്കുന്നു. സുരക്ഷാ ജീവനക്കാരെ എടുക്കാൻ തീരുമാനിച്ചെങ്കിലും തുച്ഛമായ വരുമാനം കാരണം ആരും എത്തുന്നില്ല. ദിവസക്കൂലി 530 രൂപ മാത്രമെന്നാണ് പരാതി. ഇത് പുതുക്കി നിശ്ചയിക്കാൻ ആശുപത്രി ഫണ്ടിന്‍റെ അപര്യാപ്തതയാണത്രേ വെല്ലുവിളി. 

ആശുപത്രി വളപ്പിനുള്ളില്‍ മാത്രമല്ല, മെഡിക്കല്‍ കോളേജ് അധീനതയിലുള്ള വിജനമായ പരിസരപ്രദേശങ്ങളില്‍ പട്ടാപകല്‍ പോലും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം നടക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനിടെ സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്‍റെ ഭാ​ഗമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്‍റെ ചാർജുള്ള അഡീ‌ഷണൽ ചീഫ് സെക്രട്ടറി ആശ തോമസ് ആശുപത്രിയിലെത്തി പരിശോധന നടത്തി, സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയും ചെയ്തു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K