16 January, 2026 08:27:44 PM
അനധികൃതമായി റെന്‍റ് എ കാർ ബിസിനസ് നടത്തി വന്നിരുന്ന മാഫിയ സംഘത്തിലെ പ്രധാനി അറസ്റ്റിൽ

കോട്ടയം: വർക്ക്‌ഷോപ്പിൽ ജീവനക്കാരനായി കയറിയ ശേഷം അറ്റകുറ്റപണികൾക്ക് എത്തിക്കുന്ന വാഹനം സ്വകാര്യ ആവശ്യത്തിനെന്ന പേരിൽ കൈവശപ്പെടുത്തി പണയം വച്ചും റെന്റ് എ കാറായി നൽകിയും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മാഫിയ സംഘത്തിലെ പ്രധാനി പിടിയിൽ. അതിരമ്പുഴ മാന്നാനം പിള്ളക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവല്ല മുത്തൂർ ബിന്ദു നിവാസിൽ ജാസൺ വിൻസന്റ് ജസ്റ്റിനെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബർ 16 നായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം മെഡിക്കൽ കോളേജ് ഭാഗത്തു നിന്നും പ്രതിയായ യുവാവ് മറ്റൊരു യുവാവിന്റെ ഇന്നോവ വാഹനം വാങ്ങിയെടുക്കുകയായിരുന്നു. ഇരുചക്ര വാഹനത്തിന്റെ അറ്റകുറ്റപണി നടത്തുന്ന സ്ഥാപനം നടത്തിയിരുന്ന യുവാവിന്റെ സ്ഥാപനത്തിൽ ജോലിയ്ക്ക് കയറിയ ശേഷമാണ് ഇയാൾ വാഹനം സ്വകാര്യ ആവശ്യത്തിന് എന്ന പേരിൽ കൈവശപ്പെടുത്തിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും വാഹനം തിരികെ ലഭിക്കാതെ വന്നതോടെ ഉടമ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ വാഹനം തിരുവല്ല ഭാഗത്ത് പണയം വച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് പൊലീസ് സംഘം പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കേസിൽ അറസ്റ്റിലായി പ്രതിയുടെ ഫോൺ പരിശോധിച്ച പൊലീസ് സംഘത്തിന് ഇയാളുടെ ഫോണിൽ നിന്നും വാഹനങ്ങൾ റെന്റിന് എടുത്ത് പണയം വച്ച് തട്ടിപ്പ് നടത്തുന്ന വൻ സംഘത്തിന്റെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇതേ തുടർന്ന് പൊലീസ് സംഘം മോട്ടോർ വാഹന വകുപ്പുമായി ചേർന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇയാൾ സമാന രീതിയിൽ കൂടുതൽ വാഹനങ്ങൾ തട്ടിച്ചെടുത്ത് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട. ഇയാളുടെ ഫോൺ പരിശോധിച്ച പൊലീസ് സംഘത്തിന് ഇയാളുടെ കൈവശമുണ്ടായിരുന്ന ഫോണിലെ വാട്‌സ്അപ്പ് ഗ്രൂപ്പിൽ നിന്നും വാഹന തട്ടിപ്പ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, കോട്ടയം എന്നിവടങ്ങൾ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ മാഫിയ സംഘങ്ങളാണ് ഈ വാഹന തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്. വാഹനം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് തിരുവല്ല കേന്ദ്രീകരിച്ചുള്ള മൂന്ന് കാപ്പാ ചുമത്തിയ പ്രതികളുടെ വിവരങ്ങളും പൊലീസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്.





