06 January, 2026 06:11:59 PM
അശ്വമേധം 7.0 കുഷ്ഠരോഗ നിർണയ ഭവനസന്ദർശനം ജനുവരി 7 മുതൽ

കോട്ടയം: കുഷ്ഠരോഗ നിവാരണ ലക്ഷ്യവുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അശ്വമേധം 7.0 ക്യാമ്പയിന്റെ ഏഴാം ഘട്ടം 2026 ജനുവരി ഏഴിന് ആരംഭിക്കും. ജനുവരി 20 വരെ രണ്ടാഴ്ചക്കാലം ഭവന സന്ദർശനം നടക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മറ്റുവകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം ജനറൽ ആശുപത്രിയിൽ കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ്‌കുമാർ നിർവഹിക്കും.
കേരളത്തിൽ പതിനായിരത്തിൽ 0.11 എന്ന് നിരക്കിൽ കുഷ്ഠരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികളിലും രോഗം കണ്ടുപിടിക്കപ്പെടുന്നുണ്ട്. ഇത്തരത്തിൽ തിരിച്ചറിയപ്പെടാതെ പോകുന്ന കുഷ്ഠരോഗത്തെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് അശ്വമേധം ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലയിൽ നിലവിൽ 17 പേർ ചികിത്സയിലുണ്ട്. ഇതിൽ രണ്ടു പേർ ഗ്രേഡ് 2 വൈകല്യം ഉള്ളവരാണ്. അശ്വമേധം ക്യാമ്പയിൻ ഭാഗമായി പരിശീലനം ലഭിച്ച ആശാപ്രവർത്തകയും ഒരു പുരുഷ വോളണ്ടിയറും അടങ്ങുന്ന സംഘം വീടുകളിൽ എത്തി കുഷ്ഠരോഗ ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കും.
ആറു മുതൽ 12 മാസം വരെയുള്ള വിവിധ ഔഷധ ചികിത്സയിലൂടെ രോഗം പൂർണമായും ചികിത്സിച്ച ഭേദമാക്കാവുന്നതാണ്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ പൂർണമായും സൗജന്യമാണ്.
വീടുകളിൽ ആശാ പ്രവർത്തകരും ,വോളന്റീയർ മാരും എത്തുമ്പോൾ എല്ലാവരും ഈ പദ്ധതിയുമായും സഹകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൻ. പ്രിയ അറിയിച്ചു.





