03 January, 2026 10:57:29 AM
കോട്ടയത്ത് ചികിത്സയിലിരിക്കെ രോഗി അക്രമാസക്തനായി; പിടിച്ചു മാറ്റാനെത്തിയ പോലീസുകാരന് കുത്തേറ്റു

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജില്‍ അക്രമാസക്തനായ രോഗിയെ പിടിച്ചു മാറ്റാനെത്തിയ പോലീസുകാരന് പരിക്ക്. ആശുപത്രിയുടെ സുരക്ഷയ്ക്കായി പോലീസ് നിയോഗിച്ച സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (എസ്‌ഐഎസ്‌എഫ്) സിവില്‍ പോലീസ് ഓഫീസര്‍ ജെറിന്‍ വില്‍സനാണ് പരിക്കേറ്റത്. അക്രമാസക്തനായ രോഗി ജെറിനെ കത്തിയുമായി ആക്രമിക്കുക ആയിരുന്നു.
ആക്രമണത്തില്‍ കൈക്ക് കുത്തേല്‍ക്കുകയും നെഞ്ചിനും വയറിനും ചവിട്ടേല്‍ക്കുകയും ചെയ്തു. കൈക്കേറ്റ പരിക്ക് ഗുരുതരമല്ല. കൈക്കും നെഞ്ചിനും പരിക്കേറ്റ ജെറിനെ അത്യാഹിതവിഭാഗം തീവ്രപരിചരണ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. നെഞ്ചിനേറ്റ ചവിട്ടില്‍ വാരിയല്ലകള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. അക്രമാസക്തനായ രോഗിയെ പ്രത്യേക വിഭാഗത്തിലേക്ക് മാറ്റി.
ചികിത്സയിലിരുന്ന രോഗി ബഹളം ഉണ്ടാക്കിയതിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധു ഗെയിറ്റിലെത്തി. രോഗിയുടെ സമീപത്തെത്തി ബഹളം വെയ്ക്കരുതെന്ന് പറഞ്ഞപ്പോള്‍ മൂര്‍ച്ചയുള്ള ആയുധവുമായി ഇയാള്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ഗാന്ധിനഗര്‍ എസ്‌എച്ച്‌ഒ ടി. ശ്രീജിത്ത് പറഞ്ഞു.






