25 May, 2022 04:45:51 PM


നാടിന്‍റെ വികസനത്തിന് ആരോഗ്യമുള്ള സമൂഹം അനിവാര്യം - മന്ത്രി വാസവൻ



കോട്ടയം: നാടിന്റെ വികസന പ്രക്രിയ ബലപ്പെടുത്തുന്നതിനും നേട്ടങ്ങൾ സാക്ഷാത്കരിക്കുന്നതിനും ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കേണ്ടതുണ്ടെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ആരോഗ്യവകുപ്പ് ബ്ലോക്കുതലത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യമേളയുടെ ജില്ലാതല ഉദ്ഘാടനം ആർപ്പൂക്കര എസ്.എൻ. ഡി.പി. ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരുടെയും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി അതിവിപുലമായ സംവിധാനങ്ങളും പ്രവർത്തനങ്ങളുമാണ് സജ്ജമാക്കിയിട്ടുള്ളത് .  മഹാമാരികളെ നേരിടുന്നതിന് ജനങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് നടത്തിയ ഇടപെടലുകൾക്ക് ലഭിച്ച ആഗോള അംഗീകാരം സർക്കാരിന് കൂടുതൽ കരുത്തു  പകർന്നതായും മന്ത്രി പറഞ്ഞു.

ജില്ലയിൽ നടപ്പാക്കുന്ന ഏക ആരോഗ്യം പദ്ധതിക്കും തുടക്കം കുറിച്ചു. ജില്ലാതല ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ആമുഖ പ്രഭാഷണം നടത്തി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ ഏക ആരോഗ്യം പദ്ധതി വിശദീകരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റോസിലി ടോമിച്ചൻ, അജയൻ കെ. മേനോൻ, വി.കെ. പ്രദീപ്, ധന്യ സാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂർ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി.എൻ.  വിദ്യാധരൻ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ജെ. ഡോമി  എന്നിവർ പങ്കെടുത്തു.

ഉദ്ഘാടനത്തിനു മുന്നോടിയായി പനമ്പാലം ജംഗ്ഷനിൽ നിന്ന് ആർപ്പൂക്കരയിലേക്ക് വിളംബര ജാഥ നടത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഏറ്റുമാനൂർ ബ്ലോക്ക് ആരോഗ്യമേളയിൽ വിവിധ ആരോഗ്യ സേവനങ്ങൾ സൗജന്യമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കി. ജില്ലയിലെ പ്രമുഖ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും മെഡിക്കൽ ക്യാമ്പിന്  നേതൃത്വം നൽകി.

ടെലി കൺസൾട്ടേഷൻ മുഖേന സൂപ്പർ സ്‌പെഷാലിറ്റി, സ്‌പെഷാലിറ്റി ഡോക്ടർമാരുടെ സേവനം, ആയുർവേദ, ഹോമിയോ ഡോക്ടർമാരുടെ സേവനം, പ്രമേഹം, ബ്ലഡ് പ്ലഷർ, ബോഡി മാസ് ഇൻഡക്‌സ് എന്നിവയുടെ പരിശോധന, കണ്ണ്, ചെവി പരിശോധന, മലമ്പനി, ത്വക്ക് രോഗങ്ങൾ, ക്ഷയരോഗ നിർണയ പരിശോധന, ഗർഭിണികൾക്കും അമ്മമാർക്കും കുട്ടികൾക്കുമുള്ള ആരോഗ്യ പരിശോധന, ഇ-ഹെൽത്ത് സേവനങ്ങൾ ലഭിക്കാനുള്ള വ്യക്തിഗത ഹെൽത്ത് കാർഡ് വിതരണം, കുടിവെള്ളം, മീൻ, പാൽ, എണ്ണ എന്നിവയിലെ മായം കണ്ടെത്താനുള്ള പരിശോധന, യോഗ പരിശീലനം, ആയുഷ്മാൻ ഭാരത് (കാരുണ്യ ആരോഗ്യ സുരക്ഷ) ഇൻഷുറൻസ് സേവനങ്ങൾ, വനിതാ-ശിശു വികസന വകുപ്പിന്റെ സേവനം എന്നിവ ബ്ലോക്ക്തല മേളയിലൂടെ സൗജന്യമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K