14 June, 2022 11:32:02 AM


കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിച്ചു: സംഭവം കോട്ടയം കൊടുങ്ങൂരിലും നെടുംകുന്നത്തും



കോട്ടയം: കൊടുങ്ങൂരിൽ ഡിസിസി ജനറൽ സെക്രട്ടറിമാർ പരസ്യമായി തമ്മിലടിച്ചു. ടി.കെ.സുരേഷ് കുമാർ, ഷിൻസ് പീറ്റർ എന്നിവരാണ് കയ്യാങ്കളി നടത്തിയത്. കയ്യാങ്കളിക്ക് പിന്നിൽ വ്യക്തപരമായ കാരണങ്ങളെന്നാണ് ഔദ്യോഗിക വിശദീകരണം. അതിനിടെ കോട്ടയം നെടുംകുന്നത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോ പായിക്കാടനും, ഐഎൻടിയുസി സംസ്ഥാന കമ്മിറ്റിയംഗം ജിജി പോത്തനും തമ്മിലും തമ്മിലടി ഉണ്ടായി. രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ആണ് കോൺഗ്രസ് നേതാക്കൾ തമ്മിൽ അടിച്ചത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് നേതാക്കൾ ഏറ്റുമുട്ടന്നത്. ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് പങ്കെടുത്ത റാങ്ക് ഹോൾഡേഴ്‌സ് ജേതാക്കളുടെ ഒരു അനുമോദന പരിപാടി ഇന്നലെ കൊടുങ്ങൂരിൽ നടന്നിരുന്നു. ഇതിനിടയിൽ ഉണ്ടായ അസ്വാരസ്യങ്ങളാണ് പരസ്യ കയ്യാങ്കളിയിലേക്ക് നീങ്ങിയത്. ഹാളിന് പുറത്തേക്കിറങ്ങിയ ഷിൻസ് പീറ്ററെ ടി.കെ.സുരേഷ് പിടിച്ചു തള്ളുകയായിരുന്നു. ഇത് സിസിടിവിയിൽ പതിയുകയും ആദ്യം ദൃശ്യങ്ങൾ കോൺഗ്രസ് ഗ്രൂപ്പുകളിൽ പ്രചരിക്കുകയും ചെയ്തു. തുടർന്ന് സിപിഎം ഉൾപ്പെടെ ഏറ്റെടുക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് 6.15ന് കോട്ടയം നെടുംകുന്നത്ത് ആണ് രണ്ടാമത്തെ സംഭവം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ജോ പായിക്കാടനും, ഐഎൻടിയുസി ജില്ലാ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റിയംഗവുമായ ജിജി പോത്തനും തമ്മിലാണ് നടുറോഡിൽ ഏറ്റുമുട്ടിയത്. വ്യക്തിപരമായ തർക്കങ്ങളാണ് സംഘർഷത്തിലേക്ക് കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്ന് ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് പറഞ്ഞു. നിലവിൽ പൊലീസിൽ പരാതി നൽകാൻ നേതാക്കൾ തയ്യാറായിട്ടില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K