17 May, 2019 11:08:21 PM
മോനിപ്പള്ളി പയസ് മൗണ്ടിനടുത്ത് ക്ലബ്ബില്‍ ഉണ്ടായ വാക്കേറ്റത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി ഒളിവില്‍

കുറവിലങ്ങാട്: മോനിപ്പള്ളി പയസ് മൗണ്ടില്‍ ക്ലബ്ബില്‍ വെച്ചുണ്ടായ വാക്കേറ്റത്തിനൊടുവില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പയസ്മൗണ്ട് വെള്ളാംപാട്ട് കെ.ജി. സജികുമാര്‍ (40) ആണ് മരിച്ചത്. പ്രതി പയസ് മൗണ്ട് പൊട്ടനാനിയിൽ കുമാരന്റെ മകൻ ധനൂപ് (33) ഒളിവിലാണ്. വെള്ളിയാഴ്ച രാത്രി 10.45 മണിയോടെ ചേറ്റുകുളം ബ്രദേഴ്സ് ക്ലബ്ബിലാണ് സംഭവം. കുത്തേറ്റ ഉടനെ സജികുമാറിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചിരുന്നു.
ഒരാഴ്ച മുമ്പ് ധനൂപും സജിയും തമ്മില്‍ വഴക്കുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി ക്ലബ്ബിനടുത്തുള്ള ഒരു കടയില്‍ നിന്നും വാങ്ങിയ കത്തി ഉപയോഗിച്ചായിരുന്നുവത്രേ ധനൂപ് കൃത്യം നിര്‍വ്വഹിച്ചത്. സജിയെ കുത്തിയശേഷം ക്ലബ്ബിന് പുറത്തുവന്ന ധനൂപ് ഒരാളെ കുത്തിമലര്‍ത്തിയിട്ടിട്ടുണ്ട്, പോലീസില്‍ വിവരം അറിയിച്ചോ എന്ന് പറഞ്ഞ ശേഷം ഓടി മറയുകയായിരുന്നുവെന്ന് പറയുന്നു. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.