08 January, 2026 04:16:35 PM


തലായി ലതേഷ്‌ വധക്കേസ്‌: ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം



കണ്ണൂർ: സിപിഐഎം നേതാവ് കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരായ ഏഴ് ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവും 1,40,000 പിഴയും. സുമിത്ത്, പ്രജീഷ് ബാബു, നിധിൻ, സനൽ, റിജോഷ്, സജീഷ്, ജയേഷ് എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. നാല് വകുപ്പുകളിലായി 35 വർഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

2008 ഡിസംബർ 31നാണ് സിപിഐഎം പ്രവർത്തകനായ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ 12 പേരാണ് അറസ്റ്റിലായത്. ഇതിൽ ഒന്നു മുതൽ 7 വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, 9 മുതൽ 12 വരെയുള്ള പ്രതികളെ വെറുതെ വിട്ടു. കേസിൻ്റെ വിചാരണ കാലയളവിൽ 8ാം പ്രതി മരിച്ചിരുന്നു.

ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ലതേഷിനെ പിന്തുടർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. സുഹൃത്തിന്‍റെ വീട്ടിലേക്ക് ഓടിക്കയറിയ ലതേഷിനെ പ്രതികൾ വെട്ടിക്കൊല്ലുകയായിരുന്നു. ലതേഷിന്‍റെ സുഹൃത്തിനും ആക്രമണത്തിൽ പരിക്കേറ്റു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922