06 January, 2026 08:12:28 PM


ഡൽഹിയിൽ 17കാരനെ കുട്ടികളുടെ സംഘം തല്ലിക്കൊന്നു; ആറ് പേർ അറസ്റ്റിൽ



ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ 17കാരനെ തല്ലിക്കൊന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആറുപേരെ കൊലപാതകക്കുറ്റം ചുമത്തി മയൂര്‍ വിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ദ്ര ക്യാമ്പില്‍ താമസിക്കുന്ന ഗ്യാന്‍ സിങ്ങിന്റെ മകനും പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയുമായ മോഹിത് ആണ് കൊല്ലപ്പെട്ടത്.

ജനുവരി അഞ്ചിനാണ് സംഭവം. പ്രാഥമിക അന്വേഷണത്തില്‍, മോഹിത് അതേ പ്രദേശത്തെ ഒരു കുട്ടിയുമായി നിരന്തരം തര്‍ക്കത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവ ദിവസം വൈകുന്നേരം മോഹിത് തന്റെ സുഹൃത്തുക്കളോടൊപ്പമിരിക്കുമ്പോള്‍ ഒരു കൂട്ടം കുട്ടികളുമായി വാക്കുതര്‍ക്കം ഉണ്ടായി. താമസിയാതെ തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു.

മോഹിതിനെ നിരവധി കുട്ടികൾ ചേർന്ന് ഇടിക്കുകയും ചവിട്ടുകയും ചെയ്തതായി ദൃക്‌സാക്ഷി പറയുന്നു. 17കാരൻ നിലത്തു വീണതിനുശേഷവും ആക്രമണം തുടർന്നു. ഇടപെടാൻ ശ്രമിച്ച ദൃക്‌സാക്ഷിക്കും പരിക്കേറ്റു. ആക്രമണത്തെത്തുടർന്ന് മോഹിത്തിന് സംഭവസ്ഥലത്ത് വച്ചുതന്നെ ബോധം നഷ്ടപ്പെട്ടതായി റിപ്പോർട്ടുണ്ട്.

രാത്രി 7.30ഓടെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ എത്തിക്കുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അഭിഷേക് ധനിയയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. വിദഗ്ധ ചികിത്സയ്ക്കായി മോഹിതിനെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഗുരുതരമായി പരിക്കേറ്റ മോഹിതിന് മൊഴി നൽകാനും കഴിഞ്ഞിരുന്നില്ല.തുടർച്ചയായി വൈദ്യ സഹായം ലഭ്യമാക്കിയെങ്കിലും, ജനുവരി 6 ന് പുലർച്ചെ 1.15 ന് 17കാരന് ജീവൻ നഷ്ടമായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K