16 December, 2019 12:36:00 AM


ശബരിമല തീര്‍ത്ഥാടനം: ഹര്‍ത്താലില്‍ നിന്ന് റാന്നി താലൂക്കിനെ ഒഴിവാക്കി



തിരുവനന്തപുരം: ഡിസംബര്‍ 17ന് കേരളത്തില്‍ വിവിധ രാഷ്ട്രീയ-മത-സാമുദായിക പ്രസ്ഥാനങ്ങള്‍ ചേര്‍ന്ന് നടത്തുന്ന ഹര്‍ത്താലില്‍ നിന്ന് ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കിനെ ഒഴിവാക്കിയതായി സംയുക്ത സമിതി. ശബരിമല തീര്‍ഥാടകര്‍ക്കും അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും യതൊരുവിധ ബുദ്ധിമുട്ടുകളും സൃഷ്ടിക്കാതെ ആയിരിക്കും ഹര്‍ത്താല്‍ നടക്കുകയെന്ന് സംയുക്തസമിതി പ്രചരണവിഭാഗം കണ്‍വീനര്‍ ശ്രീജ നെയ്യാറ്റിന്‍കര പത്രക്കുറിപ്പില്‍ അറിയിച്ചു. 


ജനാധിപത്യത്തെയും ഭരണഘടനയെയും കൊലപ്പെടുത്തുന്ന പൗരത്വ ബില്ലിനും എന്‍.ആര്‍.സിക്കും എതിരെ ജനാധിപത്യപരമായും സമാധാനപരവുമായും നടക്കുന്ന ഹര്‍ത്താല്‍ പൂര്‍ണമായും വിജയിപ്പിക്കാന്‍ കേരളീയ സമൂഹം മുന്നോട്ടുവരണമെന്നും തൊഴില്‍, യാത്ര എന്നിവ ഒഴിവാക്കിയും വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടും പഠിപ്പ് മുടക്കിയും ജനങ്ങള്‍ ഹര്‍ത്താലിനോട് സഹകരിക്കണമെന്നും സംയുക്ത സമിതി അഭ്യര്‍ഥിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി സംയുക്ത സമിതി നേരത്തെ അറിയിച്ചിരുന്നു.


പൗരത്വ ഭേദഗതിനിയമം, എന്‍.ആർ.സി എന്നിവക്കെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നവജനാധിപത്യ പ്രസ്ഥാനങ്ങളുടെയും സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഡിസംബർ 17ന് നടക്കുന്ന ഹർത്താല്‍ വിജയിപ്പിക്കണമെന്ന് വെല്‍ഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു. ഡിസംബർ 16ന് രക്തസാക്ഷി മണ്ഡപത്തില്‍ കേരള മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്‍റെയും നേതൃത്വത്തില്‍ നടക്കുന്ന സംയുക്ത പ്രക്ഷോഭങ്ങളോടും വെല്‍ഫെയർ പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K