29 July, 2020 04:25:32 AM


വനപാലക സംഘം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തയാളുടെ മൃതദേഹം കുടുംബവീട്ടിലെ കിണറ്റില്‍

 

ചിറ്റാർ : വനത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറ തകര്‍ത്തുവെന്ന് ആരോപിച്ച് വനപാലക സംഘം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്ത യുവവ്യവസായിയുടെ മൃതദേഹം കുടുംബവീട്ടിലെ കിണറ്റില്‍ കണ്ടെത്തി. വനപാലകര്‍ മര്‍ദിച്ചു കൊന്ന് കിണറ്റില്‍ തള്ളിയെന്ന് ആരോപിച്ച് ഭാര്യയും നാട്ടുകാരും കിണറ്റില്‍ നിന്ന് മൃതദേഹം നീക്കം ചെയ്യുന്നത് തടഞ്ഞു.


ചിറ്റാർ മണിയാര്‍ അരീക്കക്കാവ് പടിഞ്ഞാറെ ചരുവില്‍ സിപി മത്തായി (പൊന്നു-41) ആണ് മരിച്ചത്. പാപ്പി ആന്‍ഡ് സണ്‍സ് എന്ന പേരില്‍ ഫാമുകള്‍ നടത്തി വരികയായിരുന്നു. കുടപ്പന പള്ളിക്കു സമീപമുള്ള കുടുംബ വീടിനോടു ചേര്‍ന്ന് ഫാം നടത്തുകയാണ് ഇദ്ദേഹം. ഇതിനോട് ചേര്‍ന്ന കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വനത്തില്‍ സ്ഥാപിച്ചിരുന്ന ക്യാമറ നശിപ്പിച്ചത് പൊന്നുവാണെന്ന സംശയത്തില്‍ ഇതേപ്പറ്റി ചോദ്യം ചെയ്യുന്നതിനും തെളിവെടുക്കുന്നതിനുമായി വൈകിട്ട് നാലു മണിയോടെ ഭാര്യ ഷീബയുടെ മുന്നില്‍ നിന്നാണ് വനപാലകർ  മത്തായിയെ കസ്റ്റഡിയില്‍ എടുത്തത് എന്ന് പറയുന്നു. 


മത്തായിയെ ചിറ്റാര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലേക്കു കൊണ്ടു പോയെന്ന് കരുതി ഭാര്യയും ബന്ധുക്കളും അവിടെ ചെന്നിരുന്നു. എന്നാല്‍, കസ്റ്റഡിയില്‍ എടുത്ത വനപാലകര്‍ അവിടെ ഉണ്ടായിരുന്നില്ലഎന്ന് ബന്ധുക്കൾ പരാതി ഉന്നയിച്ചു. ഫാം ഉടമ കിണറ്റില്‍ മരിച്ച സംഭവത്തിലെ ദുരുഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാരും നാട്ടുകാരും ഒത്തുകൂടിയതോടെ സ്ഥലത്ത് സംഘര്‍ഷ സാഹചര്യമുണ്ടായി. ചിറ്റാര്‍ എസ്.ഐയും വില്ലേജ് ഓഫീസറും അടക്കമുള്ളവര്‍ സ്ഥലത്ത് എത്തിയെങ്കിലും  മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല.പോലീസ് അന്വേഷണം നടത്തുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K