09 January, 2021 11:40:20 AM


അതിരമ്പുഴ തിരുനാൾ 19 മുതല്‍: നവദിന തിരുനാൾ ഒരുക്കം നാളെ തുടങ്ങും




അതിരമ്പുഴ: സെന്‍റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാൾ ജനുവരി 19 മുതൽ ഫെബ്രുവരി ഒന്ന് വരെ നടക്കും. തിരുനാളിന് ഒരുക്കമായുള്ള നവദിന മദ്ധ്യസ്ഥ പ്രാർത്ഥന നാളെ ആരംഭിക്കും.


നാളെ മുതൽ 18 വരെ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ആറിന് വിശുദ്ധ കുർബാന, ഏഴിനും വൈകുന്നേരം അഞ്ചിനും ലദീഞ്ഞ്, മദ്ധ്യസ്ഥ പ്രാർത്ഥന, വിശുദ്ധ കുർബാന. ഞായറാഴ്ചകളായ 10 നും 17നും വൈകുന്നേരം 4.15നായിരിക്കും തിരുക്കർമങ്ങൾ.

ഫാ.വർഗീസ് കോശാക്കൽ, നവ വൈദികരായ ഫാ.സേവ്യർ വെട്ടിത്താനം, ഫാ.ആൻറണി തറക്കുന്നേൽ, ഫാ.തോമസ് സ്രാമ്പിക്കൽ അട്ടിയിൽ, ഫാ.ജോസഫ് കൈതപ്പറമ്പിൽ, ഫാ.വർഗീസ് നമ്പിശേരിക്കളം, ഫാ.ഏലിയാസ് കരിക്കണ്ടത്തിൽ, ഫാ.മാത്യു അഞ്ചിൽ, ഫാ.വർഗീസ് അറുവൻപറമ്പിൽ എന്നിവർ കാർമ്മികത്വം വഹിക്കും.

ജനുവരി 19ന് പ്രശസ്തമായ അതിരമ്പുഴ തിരുനാളിന് വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റും. 20ന് വിശുദ്ധൻ്റെ തിരുസ്വരൂപം പരസ്യ വണക്കത്തിന് പ്രതിഷ്ഠിക്കും. 20 മുതൽ 23 വരെ ദേശക്കഴുന്ന് നടക്കും. 24 ന് നഗരം ചുറ്റി പ്രദക്ഷിണം, 25 ന് രാവിലെ തിരുനാൾ റാസ, വൈകുന്നേരം തിരുനാൾ പ്രദക്ഷിണം. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ തിരുനാൾ സമാപിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ടായിരിക്കും തിരുനാൾ നടത്തുന്നതെന്ന് വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ പറഞ്ഞു. പ്രശസ്തമായ വെടിക്കെട്ട് ഉണ്ടാകില്ല. ദേശക്കഴുന്നുകളിലും 24, 25 തിയതികളിലെ പ്രദക്ഷിണങ്ങളിലും ഭക്തജനങ്ങളുടെ പങ്കാളിത്തം ഉണ്ടായിരിക്കില്ല. പ്രധാന തിരുക്കർമങ്ങളുടെ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K