30 April, 2025 08:56:47 AM


ചരിത്രത്തിൽ ആദ്യം; ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉപദേശക സമിതിയില്‍ ദമ്പതികളും



ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉപദേശക സമിതിയിലേക്ക് കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ ഭാരവാഹികളായി വിജയിച്ചവരിൽ ദമ്പതികളും. ക്ഷേത്രത്തിന് സമീപം രോഹിത് മോട്ടേഴ്‌സ് എന്ന സ്ഥാപനം നടത്തുന്ന ഗോപകുമാറും ഇദ്ദേഹത്തിന്റെ ഭാര്യ ആശാ ഗോപകുമാറുമാണ് നറുക്കെടുപ്പിലൂടെ ഉപദേശക സമിതി അംഗങ്ങളായത്. ചരിത്രത്തിൽ ആദ്യമായാണ് ദമ്പതികൾ ഏറ്റുമാനൂർ മഹാദേവ ഉപദേശക സമിതിയിൽ അംഗങ്ങളായി വരുന്നത്. മാത്രമല്ല ഒരു വനിത ഉപദേശക സമിതിയിൽ ആദ്യമായി എത്തുന്നു എന്നതും പ്രത്യേകതയാണ്.

നറുക്കെടുപ്പിലൂടെയാണ് 13 അംഗ ഉപദേശക സമിതിയെ തിരഞ്ഞെടുത്തത്. കൊടിമരചുവട്ടിൽ ഭക്തജന സാന്നിധ്യത്തിൽ ആണ് നറുക്കെടുപ്പ് നടന്നത്. ഉപദേശക സമിതി പ്രസിഡന്റായി പി കെ രാജൻ ഇന്ദിവരം, സെക്രട്ടറിയായി മഹേഷ്‌ രാഘവൻ പ്രസന്ന ഭവനം, വൈസ് പ്രസിഡന്റ് ഭൂവനേന്ദ്രൻ കളപ്പുര വെച്ചമുകളേൽ ഉൾപ്പെടുന്ന 13 അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്. 750 ലധികം അംഗങ്ങളിൽ നിന്ന് 94 പേരാണ് തിരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശം നൽകിയത്. സമിതി അംഗങ്ങളായി വിജയകുമാർ, സുനിന്ദ്രൻ എൻ എസ് ബിനുകുമാർ,  ഗോപകുമാർ, ആശ ഗോപകുമാർ, ബാലകൃഷ്ണൻ ഇ ടി, മണികണ്ഠൻ വി, ഗുണശേഖരൻ എം, സനീഷ് ജി എസ്, ദേവദാസ് പി വി എന്നിവരെയാണ് തിരഞ്ഞെടുത്തത്. 


ഉപദേശക സമിതി അംഗങ്ങൾ കഴിഞ്ഞ ദിവസം പ്രസിഡന്റ് പി കെ രാജൻ, സെക്രട്ടറി മഹേഷ്‌ എന്നിവരുടെ നേതൃത്വത്തിൽ മേൽശാന്തി ഇങ്ങേത്തല ഇല്ലം രാമൻ സത്യനാരായണനെ കണ്ട് അനുഗ്രഹം വാങ്ങി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K