16 July, 2025 04:05:36 PM


മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രത്തിൽ നാലമ്പല ദർശനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി



മുളക്കുളം: ഈ വർഷത്തെ നാലമ്പല ദർശനത്തിനുള്ള വിപുലമായ മുന്നൊരുക്കങ്ങളുമായി മുളക്കുളം  ലക്ഷ്മണസ്വാമി ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. വ്യാഴം മുതൽ ആഗസ്റ്റ് 16 വരെ (കർക്കിടക ഒന്നു മുതൽ മുപ്പത്തിയൊന്നു വരെ) മുഴുവൻ ദിവസവും തീർത്ഥാടകർക്ക് സുഖകരമായ ദർശനത്തിനും, ആവശ്യമായ വഴിപാടുകൾ നടത്തുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ മുതൽ തന്നെ മുഴുവൻ തീർത്ഥാടകർക്കും മുൻ പതിവുപോലെ അന്നദാനം നടത്തുന്നതിനും സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളതാണ്.

കെ എസ് ആർ ടി സി എല്ലാ ഭാഗത്തുനിന്നും ആവശ്യകതയനുസരിച്ചു കൂടുതൽ ട്രിപ്പുകൾ നടത്തുവാൻ സന്നദ്ധതയറിയിച്ചിട്ടുണ്ട്. മാമലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ഭരതസ്വാമി ക്ഷേത്രം, നെടുങ്ങാട് ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവയാണ് നാലമ്പല തീർത്ഥാടന പാതയിലെ മറ്റ് മൂന്നു ക്ഷേത്രങ്ങൾ. ഈ നാല് ദാശരഥീ ക്ഷേത്രങ്ങളിലും കർക്കിടക മാസത്തിൽ ഒരു ദിവസം ദർശനം നടത്തുന്നതു പുണ്യമായി കരുതുന്നു.

ഈ വർഷത്തെ നാലമ്പല തീർത്ഥാടനത്തിൻ്റെ ഉത്ഘാടന സമ്മേളനം മാമലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തിലാണ് നടക്കുന്നത്. ബുധനാഴ്ച വൈകിട്ട് ആറു മണിക്ക് നടക്കുന്ന സമ്മേളനം ശബരിമല അയ്യപ്പ സേവാസമാജം പ്രസിഡൻ്റ് പുണർതം തിരുനാൾ നാരായണ വർമ്മ നിർവ്വഹിക്കും. നാലമ്പല സമിതി ചെയർമാൻ എൻ രഘുനാഥ് അദ്ധ്യക്ഷനാകും വഹിക്കുന്ന യോഗത്തിൽ മുൻ ഡി. ജി. പി ഡോ: അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929