30 December, 2021 03:14:57 PM


വരാനിരിക്കുന്നത് 'കൊവിഡ് സുനാമി' : മുന്നറിയിപ്പുമായി ലോകരോഗ്യ സംഘടന



ജനീവ: വരാനിരിക്കുന്നത് 'കൊവിഡ് സുനാമി' ആണെന്ന് മുന്നറിയിപ്പുമായി ലോകരോഗ്യ സംഘടന തലവന്‍ രംഗത്ത്. ഒമിക്രോണ്‍-ഡെല്‍റ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു.എച്ച്.ഒ തലവന്‍ ഡോ.ടെഡ്രോസ് ആദാനോം വ്യക്തമാക്കി. ഡെല്‍റ്റയും പുതിയ ഒമിക്രോണ്‍ വകഭേദവും ചേരുമ്പോള്‍ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ചൂണ്ടികാട്ടി.

ഇപ്പോള്‍ത്തന്നെ മന്ദഗതിയില്‍ നീങ്ങുന്ന ആരോഗ്യ സംവിധാനം പല രാജ്യങ്ങളിലും തകരും. ലോകത്ത് ഇതുവരെ വാക്സിന്‍ സ്വീകരിക്കാത്തവരില്‍ മരണ നിരക്ക് കുതിച്ചുയരുമെന്നും ടെഡ്രോസ് പറഞ്ഞു. വാക്‌സീന്‍ എടുത്തവരെയും ഒരിക്കല്‍ രോഗം വന്നുപോയവരെയും ഒമിക്രോണ്‍ വകഭേദം ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ അമേരിക്കയില്‍ ഈ ആഴ്ചയിലെ രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇറ്റലി, ഗ്രീസ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഫ്രാന്‍സില്‍ ഇന്നലെ മാത്രം രണ്ടു ലക്ഷം പേരാണ് രോഗബാധിതര്‍ ആയത്.

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോക രാജ്യങ്ങളില്‍ അതിരൂക്ഷമായി വ്യാപിച്ചിരിക്കുകയാണ്. ഇതേതുടര്‍ന്ന് മിക്ക രാജ്യങ്ങളും പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുകയും ഇത് നിര്‍ബന്ധമാക്കുകയും ചെയ്തിരിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K