06 June, 2022 02:48:55 PM
പോപ്പുലര്‍ ഫ്രണ്ടിന്‍റെ ക്ലിഫ് ഹൗസ് മാര്‍ച്ച് പോലീസ് തടഞ്ഞതിനെതുടര്‍ന്ന് സംഘര്‍ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് കണ്ണീര്‍ വാതകവും ജല പീരങ്കിയും പ്രയോഗിച്ചു. പൊലീസ് ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടിരുന്നു.
ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ ബാരിക്കേഡ് വച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമം നടന്നതോടെയാണ് പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചത്. രാവിലെ 11 മണിയോടെ കിഴക്കേകോട്ടയില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചാണ് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ വച്ച് പൊലീസ് തടഞ്ഞത്.
കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ചതില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനനേതാക്കളടക്കം പങ്കെടുത്ത മാര്‍ച്ചാണ് സംഘര്‍ഷത്തിലെത്തിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പൊലീസ് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ വച്ചേ മാര്‍ച്ച് തടയുകയായിരുന്നു. കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുമുണ്ട്.
കഴിഞ്ഞദിവസം കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ എച്ച് നാസറിനെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇതുവരെ 31 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ട്രഷറര്‍ പി എച്ച് നാസറിനെ തടങ്കലില്‍ വച്ച നടപടി അംഗീകരിക്കാനാവില്ലെന്നും കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിന് എതിരെയുള്ള നടപടി ചെറുത്തു തോല്‍പ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞിരുന്നു.







