13 October, 2022 08:47:20 PM


പത്തു വയസുകാരിയെ പീഡിപ്പിച്ച 68 കാരനടക്കം മൂന്ന് പേർ റിമാൻഡിൽ



കോട്ടയം: 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 68-കാരനടക്കം 3 പേർ അറസ്റ്റിൽ. കോരുത്തോട് കുഴിമാവ് ടോപ്പ് ഭാഗത്തുള്ളവരാണ് മൂവരും. അരീക്കത്തറ വീട്ടിൽ ശശിധരൻ (68), വയലേറ്റുപറമ്പിൽ വീട്ടിൽ ഷിബു (38), വാഴക്കാലായിൽ വീട്ടിൽ മണിക്കുട്ടൻ (40), എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും പ്രായപൂർത്തിയാകാത്ത അതിജീവിതയെ പലപ്പോഴായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു. 

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് അധ്യാപകർ കുട്ടിയെ ചൈൽഡ് ലൈൻ വഴി കൗൺസലിങിന് വിധേയമാക്കുകയും തുടർന്ന് പെൺകുട്ടി പീഡന വിവരം പുറത്തു പറയുകയുമായിരുന്നു. തുടര്‍ന്ന് മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഷിബു, മണിക്കുട്ടൻ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

ഈ വിവരം അറിഞ്ഞതോടെ മറ്റൊരു പ്രതിയായ ശശിധരൻ ഒളിവിൽ പോയി. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ തിരുവനന്തപുരത്ത് നിന്നും പിടികൂടുകയായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ എ. ഷൈൻ കുമാര്‍, സി.പി.ഓ മാരായ ശരത്ചന്ദ്രൻ, എ. ജെ ജോൺസൺ, ശ്രീജിത്ത് ബി, രഞ്ജിത്ത് എസ്. നായർ, പി.റ്റി രഞ്ജിത്ത്, റോബിൻ തോമസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K