20 November, 2026 12:52:15 PM


ആറ്റിങ്ങലിൽ വാഹന പരിശോധനയ്ക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം; യുവാവ് പിടിയില്‍



ആറ്റിങ്ങല്‍: ആറ്റിങ്ങലിൽ വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. ആറ്റിങ്ങല്‍ മണനാക്ക് സ്വദേശി ആഷിക്കിനെയാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയത്.  

വ്യാഴാഴ്ച രാത്രി ആറ്റിങ്ങല്‍ കച്ചേരി ജംഗ്ഷന് സമീപമായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടെ ആലംകോട് ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ കാറില്‍ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് വാഹനം നിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ കൈകാണിച്ചെങ്കിലും നിര്‍ത്താതെ മുന്നോട്ട് കുതിക്കാന്‍ ശ്രമിച്ചു. 

ഇതുകണ്ട്   വാഹനം തടയാന്‍ ശ്രമിച്ച മറ്റൊരു ഉദ്യോഗസ്ഥനെ കാര്‍ ഇടിക്കുകയും, ഇടിയുടെ ആഘാതത്തില്‍ ഉദ്യോഗസ്ഥന്‍ കാറിന്റെ ബോണറ്റിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. തുടര്‍ന്ന് കാര്‍ പിന്നോട്ടെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ മറ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി തടഞ്ഞുനിര്‍ത്തി പിടികൂടുകയായിരുന്നു. 

നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിന്  യുവാവിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് 42,000 രൂപ പിഴ ചുമത്തി. ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അപായപ്പെടുത്താന്‍ ശ്രമിച്ചതിനും ആറ്റിങ്ങല്‍ പോലിസ് യുവാവിനെതിരെ കേസെടുത്തു. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 294