12 November, 2026 06:55:37 PM
മോശമായി സ്പർശിച്ചത് ചോദ്യം ചെയ്തു; മുംബൈയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു; കൈ നഷ്ടമായി

മുംബൈ: മുംബൈ ലോക്കൽ ട്രെയിനിൽ സഹയാത്രികന്റെ ലൈംഗികാതിക്രമം ചെറുത്ത യുവതിയെ ട്രെയിനിൽനിന്ന് തള്ളിയിട്ടു. അപകടത്തിൽ യുവതിയുടെ ഇടതുകൈ മുട്ടിന് താഴെവെച്ച് അറ്റുപോകുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ബോറിവലിയിൽനിന്ന് വിരാറിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിനിലായിരുന്നു സംഭവം. നയ്ഗാവ് സ്റ്റേഷനിൽവെച്ചാണ് പ്രതി യുവതിയെ തള്ളിയിട്ടത്. യാത്രയ്ക്കിടെ പ്രതി തന്നോട് തുടർച്ചയായി മോശമായി പെരുമാറുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്തതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. ഇതിൽ പ്രകോപിതയായ യുവതി ചെരിപ്പൂരി പ്രതിയെ എറിഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.
മറ്റ് യാത്രക്കാർ ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും പ്രതി യുവതിയെ അസഭ്യം പറയുകയും സ്വന്തം ചെരിപ്പെടുത്ത് യുവതിയെ എറിയുകയും ചെയ്തു. ട്രെയിൻ നയ്ഗാവ് സ്റ്റേഷനിലെത്തിയപ്പോഴും തർക്കം തുടർന്നു. ഇതിനിടെ പ്രതി യുവതിയെ ട്രെയിനിൽനിന്ന് തള്ളിയിടുകയായിരുന്നു. രണ്ട് കോച്ചുകൾക്കിടയിലുള്ള വിടവിലേക്കാണ് യുവതി വീണത്. പ്ലാറ്റ്‌ഫോമിലേക്ക് തിരികെ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങുകയും യുവതിയുടെ ഇടതുകൈ ചക്രങ്ങൾക്കിടയിൽ പെടുകയുമായിരുന്നു. പോലീസ് ഉദ്യോഗസ്ഥനും മറ്റ് യാത്രക്കാരും ചേർന്നാണ് യുവതിയെ പ്ലാറ്റ്‌ഫോമിലേക്ക് കയറ്റിയത്. ബഹളത്തിനിടെ രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി.




