12 November, 2026 09:49:03 AM


മുംബൈയിലെ ഫ്ലാറ്റിൽ മലയാളി സ്ത്രീ കൊല്ലപ്പെട്ടു; കൈകാലുകൾ കെട്ടിയിട്ട നിലയിൽ



മുംബൈ: മലയാളി സ്ത്രീയെ മുംബൈയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ കരുമാടി ആറ്റുകടവിൽ മഹേശ്വരി രാമചന്ദ്രൻ (71) ആണ് മരിച്ചത്. പനവേലിക്കടുത്ത് ഖൊപ്പോളിയിൽ തനിച്ചു താമസിച്ചു വരികയായിരുന്നു.

ഭാൻവജിലെ കാർമൽ സ്കൂളിനു പിന്നിലുള്ള ഇന്ദ്രപ്രസ്ഥ ബിൽഡിങ്ങിലെ നാലാം നമ്പർ ഫ്ലാറ്റിലാണ് മഹേശ്വരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ കെട്ടിയിട്ട്, രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പരേതനായ വൈപ്പുശ്ശേരി രാമചന്ദ്ര പണിക്കരാണ് ഭർത്താവ്.

മക്കൾ മൂന്നു പേരും വിദേശത്തായതിനാൽ മഹേശ്വരി ഫ്ലാറ്റിൽ തനിച്ചാണ് താമസിച്ചിരുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ കൂടുതൽ വ്യക്തത ലഭിക്കൂവെന്നും പൊലീസ് സൂചിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921