20 October, 2022 06:48:51 PM


കോടതിയില്‍ പോലീസുകാരെ ആക്രമിച്ച് രക്ഷപെട്ട കുപ്രസിദ്ധ ഗുണ്ട വിനീത് സഞ്ജയന്‍ പിടിയിൽ



കോട്ടയം: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിയെയും, കൂടെയുണ്ടായിരുന്ന  ഉദ്യോഗസ്ഥരെയും ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന കുപ്രസിദ്ധ  ഗുണ്ടയെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം ജയന്തി ജംഗ്ഷന് സമീപം മങ്കീഴേപ്പടി വീട്ടിൽ സഞ്ജയൻ മകൻ വിനീത് സഞ്ജയൻ(35) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തായ പുക തോമ എന്ന് വിളിക്കുന്ന തോമസും ചേർന്ന് വിയ്യൂർ സെൻട്രൽ   ജയിലിൽ നിന്ന് കോട്ടയം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന മറ്റൊരു ഗുണ്ടയായ അലോട്ടിയേയും, കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും കോടതി വരാന്തയിൽ വച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇരുവരും ഒളിവിൽ പോവുകയായിരുന്നു.

പ്രതികളില്‍ ഒരാളായ തോമസിനെ പോലീസ് നേരത്തെ ബാംഗ്ലൂരിൽ നിന്നും പിടികൂടിയിരുന്നു. തുടര്‍ന്ന് വിനീത് സഞ്ജയനുവേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ ശക്തമായ തിരച്ചിൽ നടത്തിവരുന്നതിനിടയിലാണ് ഇയാളെ കുമളിയിൽ നിന്നും എസ്.പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടുന്നത്. കോട്ടയത്തെ അറിയപ്പെടുന്ന ഗുണ്ടയായ ഇയാൾക്ക് കോട്ടയം വെസ്റ്റ്, ഈസ്റ്റ്, കുമരകം, വൈക്കം, ചങ്ങനാശ്ശേരി, ചിങ്ങവനം, പാലാ,തിരുവല്ല എന്നിവിടങ്ങളിലായി കൊലപാതകം, കൊലപാതകശ്രമം, അടിപിടി, കവർച്ച, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുക, തുടങ്ങിയ 25 ഓളം കേസുകൾ നിലവിലുണ്ട്. ഇയാൾ മുൻപ് കാപ്പാ നിയമനടപടി നേരിട്ടിട്ടുള്ളയാളുമാണ്.പ്രതിയെ കോടതിയില്‍ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K