06 January, 2023 06:34:50 PM


ദീര്‍ഘമംഗല്യത്തിനും കുടുംബ ഐശ്വര്യത്തിനും തിരുവാതിരയാടി തിരുവൈരാണിക്കുളം



കാലടി: ദീര്‍ഘമംഗല്യത്തിനും കുടുംബ ഐശ്വര്യത്തിനുമായി  നോമ്പുനോറ്റ് തിരുവാതിര കളിയാടിയും പൂത്തിരുവാതിര കൊണ്ടാടിയും ഉറക്കമൊഴിഞ്ഞെത്തിയ സ്ത്രീജനങ്ങള്‍ നടതുറപ്പ് ഉത്സവത്തിന്‍റെ രണ്ടാം നാള്‍ തിരുവൈരാണിക്കുളത്തെ ജനസാന്ദ്രമാക്കി. തങ്ങളുടെ നാടുകളില്‍ തിരുവാതിര ആഘോഷങ്ങളില്‍ പങ്കുകൊണ്ടശേഷമാണ് പലരും തിരുവൈരാണിക്കുളത്തെത്തിയത്.

ആദ്യ ദിനം ഭക്തര്‍ ദര്‍ശനം നടത്തിയശേഷം രാത്രി നട അടച്ച് ദേവിയെ പാട്ടുപുരയിലേക്ക് ആനയിച്ചതിനു പിന്നാലെ നടയ്ക്കു മുന്നില്‍ ഇവര്‍ തിരുവാതിര ആഘോഷങ്ങള്‍ക്കു തുടക്കമിട്ടു. പത്തു മണിയോടെ ശ്രീപാര്‍വ്വതീദേവിയുടെ നടയ്ക്കല്‍ ഒത്തുകൂടിയ സ്ത്രീജനങ്ങള്‍ കിണ്ടിയില്‍ വെള്ളം, നിലവിളക്ക്, ആവണപ്പലക എന്നിവ വച്ച് സരസ്വതീ സ്തുതിയോടെ ആടിത്തുടങ്ങി. പത്തു വൃത്തമാടി 12 മണിയോടെ മഹാദേവ സ്തുതിയോടെ നിര്‍ത്തിയശേഷം പാതിരാപ്പൂ, ദശപുഷ്പം, അടയ്ക്കാമണിയന്‍ എന്നിവ പറിയ്ക്കാന്‍ ക്ഷേത്ര പരിസരങ്ങളിലേക്കു പിരിഞ്ഞു. തിരികെ എത്തി അടയ്ക്കാ മണിയന്‍ കുഴിച്ചു നട്ടു.


വിവാഹം കഴിഞ്ഞ് ആദ്യ തിരുവാതിര ആഘോഷിക്കുന്ന പൂത്തിരുവാതിരക്കാരെ ആവണപ്പലകയില്‍ ഇരുത്തി, മറ്റുള്ളവര്‍ ചുറ്റുംനിന്നു പാട്ടുപാടി. തുടര്‍ന്നു ശ്രീപാര്‍വ്വതീ ദേവിയുടെ നടയ്ക്കല്‍ എത്തി വടക്ക്, തെക്ക്, മുന്‍ പിന്‍ ദിശകളില്‍ പാതിരാപ്പൂ ഉഴിഞ്ഞിട്ടു. അവശേഷിച്ച പാതിരാപ്പൂ തലയില്‍ ചൂടി, മൂന്നുംകൂട്ടി മുറുക്കി. പിന്നാലെ വഞ്ചിപ്പാട്ട്, കുമ്മി, കണ്ണനാമുണ്ണി എന്നിവ ചൊല്ലിയാടി തീര്‍ന്നപ്പോഴേക്കും നേരം പുലര്‍ന്നുതുടങ്ങി. പുലര്‍ച്ചെ ക്ഷേത്രത്തിലെ തീര്‍ത്ഥം സേവിച്ചു വ്രതം അവസാനിപ്പിച്ചശേഷം ദേവിയെ തൊഴുതാണ് ചടങ്ങുകള്‍ അവസാനിച്ചത്.


ഇന്നും നാളെയും വന്‍ ഭക്തജന പ്രവാഹം പ്രതീക്ഷിക്കുന്നുണ്ട്. രാവിലെ 4 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 9 വരെയുമാണ് ദര്‍ശനം. തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തര്‍ക്ക് സൗകര്യപ്രദമായി ദര്‍ശനം നടത്തുന്നതിനും വിശാലമായ പന്തലും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. തിരക്കു നിയന്ത്രിക്കുന്നതിനുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ഭക്തജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. ഭക്തര്‍ ക്യൂ നില്‍ക്കുന്ന പന്തലുകളില്‍ തന്നെയാണ് വഴിപാട് കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള അന്നദാനവും സൗജന്യ കുടിവെള്ളവും ഭക്തര്‍ക്ക് ഏറെ ആശ്വാസമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K