01 March, 2023 03:11:39 PM


ഹെൽത്ത് കാർഡ് 'അന്ത്യശാസനം' മൂന്നാമതും നീട്ടി; ഒരു മാസം കൂടി സമയമെന്ന് ആരോഗ്യമന്ത്രി



തിരുവനന്തപുരം: ഹോട്ടൽ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ആരോഗ്യവകുപ്പ് ഒരു മാസം കൂടി നീട്ടി. ഹോട്ടൽ റസ്റ്റോറൻറ് സംഘടനയുടെ അഭ്യർത്ഥന പരിഗണിച്ചാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഹെൽത്ത് കാർഡ് എടുക്കാൻ ഇനി സാവകാശം അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രജിസ്റ്റർ ചെയ്‌ത ഹെൽത്ത് കാർഡുകളുടെ എണ്ണവും അതിന്‍റെ പരിശോധനകളും ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തും.


ഹെൽത്ത് കാർഡിൻമേലുള്ള നിയമനടപടികൾ ഒരു മാസത്തിന് ശേഷം ആയിരിക്കും. എത്രപേർ ഹെൽത്ത് കാർഡ് എടുത്തു എന്നത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നതാണ്. രണ്ട് പ്രാവശ്യം ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചിരുന്നു.


പക്ഷേ ഹോട്ടൽ റെസ്റ്റോറന്‍റ് സംഘടനാ പ്രതിനിധികളുടെ അഭ്യർത്ഥന മാനിച്ചാണ് എല്ലാവർക്കും ഹെൽത്ത് കാർഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം നൽകുന്നത്. ഇനിയൊരു സാവകാശം ഉണ്ടായിരിക്കുന്നതല്ല. അതിനാൽ ഈ കാലാവധിക്കുള്ളിൽ തന്നെ നിയമപരമായി എല്ലാവരും ഹെൽത്ത് കാർഡ് എടുക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K