10 April, 2023 08:58:09 AM


ഉറങ്ങാന്‍കിടന്ന ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയത് ലൈംഗികബന്ധത്തിന് വിസമ്മതിച്ചപ്പോള്‍



മലപ്പുറം: ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍കിടന്ന യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിൽ. പാറപ്പുറവന്‍ മുഹമ്മദ് റഫീഖിനെ(35)യാണ് അറസ്റ്റിലായത്. ഏലംകുളം വായനശാലയ്ക്കു സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്‌ന (30) ശനിയാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്.


ലൈംഗികാവശ്യം ഭാര്യ നിരാകരിച്ചതിലുള്ള വിരോധവും ഭാര്യക്ക് വേറെ ബന്ധമുണ്ടെന്ന സംശയവുമാണ് കൊലപാതകത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു. രാത്രി ഭക്ഷണശേഷം നാലരവയസ്സുള്ള മകളോടൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു ഇരുവരും. ഇതിനിടയില്‍ റഫീഖ് ലൈംഗികാവശ്യം ഉന്നയിച്ചു. ഫഹ്ന നിരാകരിച്ചു.


തുടർന്ന് ഫഹ്നയുടെ കാലുകളും കൈകളും തുണികള്‍കൊണ്ട് കൂട്ടിക്കെട്ടി ജനലിലേക്ക് കെട്ടി. കഴുത്തില്‍ കൈകൊണ്ട് അമര്‍ത്തിയും വായില്‍ തുണിതിരുകിയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫഹ്ന ധരിച്ചിരുന്ന ആഭരണങ്ങള്‍ ഊരിയെടുത്ത് സംഭവസ്ഥലത്ത് നിന്ന് പ്രതി കടന്നു കളഞ്ഞിരുന്നു. പിന്നീട് മണ്ണാർക്കാട്ടെ വീട്ടിൽനിന്നാണ് ഇയാളെ പൊലീസ് കണ്ടെത്തുന്നത്.

റഫീഖിനെ വൈദ്യപരിശോധനയ്ക്കുശേഷം പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിന്‍റെ ചുമതലയുള്ള തിരൂര്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K