15 June, 2023 03:07:46 PM


ഭാര്യയെയും മകനെയും മുറിയിൽ പൂട്ടിയിട്ട് ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്‍റെ ഭീഷണി



കൊച്ചി: പത്തുവയസുകാരനായ മകനെയും ഭാര്യയെും മുറിയിൽ പൂട്ടിയിട്ടശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്‍റെ ഭീഷണി. ഭാര്യയെയും മകനെയും അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ ആളെ കീഴ്പ്പെടുത്തി അഗ്നരക്ഷാസേന. ബുധനാഴ്ച രാവിലെ കൊച്ചി മരടിലാണ് നാടകീയ സംഭവങ്ങളുണ്ടായത്.

മരട് മണ്ണാപറമ്പ് കുളത്തിങ്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന നസീറാണ് വീട്ടുകാരേയും നാട്ടുകാരേയും മുൾമുനയിൽ നിർത്തി നാടകീയരംഗങ്ങൾ സൃഷ്ടിച്ചത്. ഭാര്യയെയും കുഞ്ഞിനെയും അപായപ്പെടുത്തിയശേഷം താൻ ജീവനൊടുക്കുമെന്നുമാണ് ഇയാൾ ഭീഷണി മുഴക്കിയത്.

അതിനിടെ സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് തൃപ്പൂണിത്തുറ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി. നാട്ടുകാരും അഗ്നിരക്ഷാസേനാംഗങ്ങളും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നസീർ വഴങ്ങിയില്ല. ഇഥോടെ അപകടമുണ്ടായാൽ നേരിടാൻ അഗ്നിരക്ഷാസേന എല്ലാ സജ്ജീകരണങ്ങളുമായി നിലയുറപ്പിച്ചു.

അതിനിടെ നസീറിന്‍റെ സുഹൃത്തായ ഒരു പൊലീസുകാരനും സ്ഥലത്തെത്തി. ഇയാളെക്കൊണ്ട് നസീറുമായി സംസാരിപ്പിച്ച് ശ്രദ്ധ തിരിപ്പിച്ചു. ഈ സമയംകൊണ്ട് നസീറിന്‍റെ ഭാര്യയുമായി സംസാരിച്ച് അഗ്നിരക്ഷാസേന യുവതിയോട് പിൻവശത്തെ വാതിൽ തുറക്കാൻ നിർദേശം നൽകി.

നൊടിയിടയിൽ അകത്തുകടന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ നസീർ തുറന്നുവെച്ച് സിലിണ്ടർ പുറത്തേക്ക് എത്തിച്ചു. ഇതിനുശേഷം നസീറിനെയും ഭാര്യയെയും കുട്ടിയെയും പുറത്തെത്തിച്ചു. ബലപ്രയോഗത്തിലൂടെയാണ് നസീറിനെ പുറത്തെത്തിച്ചത്. ഇതിനുശേഷം മൂന്നുപേരെയും മരട് പൊലീസ് ആശുപത്രിയിൽ എത്തിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K