20 June, 2023 05:03:51 PM


മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ആകാന്‍ വൈകി; ഭാര്യയുമായി വഴക്കിട്ട ഭർത്താവ് മകനെ കുത്തി



ന്യൂഡൽഹി: മൊബൈലിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ സമയമെടുത്തതിന്‍റെ പേരിൽ ഭാര്യയുമായി വഴക്കിട്ട ഭർത്താവ് മകനെ കുത്തി. ഡൽഹിയിലെ മധുവിഹാർ സ്വദേശിയായ അശോക് സിംഗ് (63) ആണ് ഇരുപത്തിമൂന്നുകാരനായ മകനെ ആക്രമിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, എഞ്ചിനീർസ് ഇന്ത്യ ലിമിറ്റഡിലെ മാനേജർ സ്ഥാനത്തു നിന്ന് വിരമിച്ചയാളാണ് അശോക് സിംഗ്. ഭാര്യയ്ക്കും മകൻ ആദിത്യ സിംഗിനുമൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. ഗുരുഗ്രാമിൽ കമ്പ്യൂട്ടർ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു ആദിത്യ.

മകന്‍റെ ജോലി സ്ഥലത്ത് അടുത്തിടെ അശോക് ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പണമിടപാടിന് തന്‍റെ മൊബൈലിൽ ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ അശോക് സിംഗ് ഭാര്യയോട് ആവശ്യപ്പെട്ടു.

ഭാര്യയുടെ ഫോണിൽ ആപ്ലിക്കേഷൻ ഡൗൺലോഡാകാൻ സമയമെടുത്തതോടെ ഇയാൾ ഇത് പറഞ്ഞ് ഭാര്യയുമായി വഴക്കിട്ടു. അച്ഛനും അമ്മയും തമ്മിലുള്ള വഴക്കിൽ ഇടപെട്ടതോടെയാണ് മകന് കുത്തേറ്റത്.

മകൻ വഴക്കിനിടയിൽ ഇടപെട്ടതോടെ ദേഷ്യത്തിൽ കറിക്കത്തിയെടുത്ത് കുത്തുകയായിരുന്നു. ആദിത്യയുടെ നെഞ്ചിലാണ് കുത്തേറ്റത്. രണ്ട് കുത്തുകളേറ്റ ആദിത്യയെ ആശുപത്രിയിൽ പ്രവേശിപിച്ചു. ഇയാൾ ആരോഗ്യനില വീണ്ടെടുത്തതായാണ് റിപ്പോർട്ട്.അശോക് സിംഗിനെതിരെ പൊലീസ് കേസെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K