23 June, 2023 12:29:06 PM


മൂവാറ്റുപുഴയിൽ പ്രണയാഭ്യർഥന നിരസിച്ച യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച 26കാരൻ അറസ്റ്റിൽ



കൊച്ചി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ എയർ ഗൺ ചൂണ്ടി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തലക്കോട് മലയൻകുന്നേല്‍ രാഹുല്‍ (26) ആണ് അറസ്റ്റിലായത്. 

മൂവാറ്റുപുഴ കോടതി വളപ്പിലുള്ള അഭിഭാഷക ഓഫിസില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന യുവതിയെയാണ് രാഹുൽ എയർ ഗൺ ചൂണ്ടി ഭീഷണിപ്പെടുത്തിയത്. ഇയാളിൽ നിന്ന് പൊലീസ് പിന്നീട് എയര്‍ഗണ്‍ പിടിച്ചെടുക്കുകയായിരുന്നു. കച്ചേരിത്താഴത്ത് നിന്നാണ് ഇയാളെ അറസ്റ്റു ചെയ്യുന്നത്.

ബുധനാഴ്ച വൈകിട്ടോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. യുവതി മാത്രം ഓഫീസില്‍ ഉള്ളപ്പോഴാണ് രാഹുല്‍ അവിടേക്ക് എത്തിയത്. ഒരുമിച്ച്‌ ജീവിക്കാൻ തയാറായില്ലെങ്കില്‍ യുവതിയേയും ബന്ധുക്കളേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എയർ ഗൺ ചൂണ്ടിക്കൊണ്ടാണ് രാഹുൽ ഭീഷണി മുഴക്കിയത്.

ഭയന്നുപോയ യുവതിയെ രാഹുൽ ഓഫീസിന് പുറത്തെത്തിച്ച് കാറിൽ കയറ്റി. കാർ മുന്നോട്ട് എടുക്കാൻ തുടങ്ങുമ്പോൾ യുവതി ബഹളംവെച്ച് കാറിൽനിന്ന് ഇറങ്ങി ഓടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ആളുകൾ തടിച്ചു കൂടിയതോടെ രാഹുൽ കാറുമായി കടന്നുകളയുകയായിരുന്നു.

ആംബുലൻസ് ഡ്രൈവറായ രാഹുൽ നേരത്തെയും ഭീഷണിയുമായി എത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് യുവതി നേരത്തെ പൊലീസിന് പരാതിയും നൽകിയിട്ടുണ്ട്. വിവാഹത്തിന് തയ്യാറായില്ലെങ്കിൽ ആംബുലൻസ് ഇടിച്ച്‌ അമ്മയേയും സഹോദരനേയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K