03 July, 2023 10:18:00 AM


കഞ്ചാവു കേസിൽ ജാമ്യം നിന്നില്ല, വീട്ടമ്മയ്ക്ക് മർദനം; പത്തനംതിട്ടയില്‍ 5 പേർ പിടിയിൽ



പത്തനംതിട്ട: കഞ്ചാവു കേസിൽ ജാമ്യം നിൽക്കാത്തതിന്‍റെ വിരോധത്തിൽ വീട്ടമ്മയ്ക്ക് മർദനം. പഴകുളം പവദാസൻമുക്ക് പൊൻമാനകിഴക്കിതിൽ നൂറുദീന്‍റെ ഭാര്യ സലീന ബീവിക്കാണ് മർദനമേറ്റത്. കഞ്ചാവു വിൽപന സംഘത്തിൽപെട്ടവർ വീട്ടിലെത്തി അക്രമിക്കുകയായിരുന്നു. സംഭവത്തിൽ കഞ്ചാവു കേസിൽപെട്ട യുവാവ് ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു. 

പഴകുളം ശ്യാമിനി ഭവനിൽ ശ്യാംലാൽ (32), സുഹൃത്തുക്കളായ പാലമേൽ ആദിക്കാട്ടുകുളങ്ങര മണ്ണുംപുറത്ത് കിഴക്കേതിൽ ആഷിഖ് (23), പഴകുളം പന്ത്രണ്ടാംകുഴിയിൽ ഷെഫീക് (36), പഴകുളം അനിൽഭവനിൽ അനീഷ് (36), പാലമേൽ കഞ്ചുകോട് വട്ടയത്തിനാൽ തെക്കേക്കര മുരളീഭവനിൽ അരുൺ (26) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ വൈകിട്ടാണ് സംഭവം. സലീനബീവിയുടെ അയല്‍വാസിയായ ശ്യാംലാലിനെ 3 ദിവസം മുൻപ് കഞ്ചാവുമായി അടൂർ എക്സൈസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നാലെ ശ്യാംലാൽ ജാമ്യം നിൽക്കാൻ സലീനബിവിയുടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം അംഗീകരിച്ചില്ല. ഇതിന്‍റെ വിരോധത്തിൽ ശ്യാംലാലും സുഹൃത്തുക്കളും ചേർന്ന് സലീനബീവിയുടെ വീടിനു മുൻപിലെത്തി അസഭ്യം പറയുകയും ആക്രമണം നടത്തുകയുമായിരുന്നു. 

അക്രമത്തിൽ വീട്ടമ്മയെ തൊഴിച്ച് താഴെയിട്ട ശേഷം കൈയിൽ കമ്പിവടികൊണ്ട് അടിച്ചു പരിക്കേൽപിക്കുകയായിരുന്നു. വീടിന്‍റെ ജനൽചില്ലും മതിലിലെ ലൈറ്റുകളും കാർപോർച്ചിന്‍റെ ഷീറ്റും സംഘം അടിച്ചു തകർത്തു. വീട് അക്രമിക്കുന്ന ബഹളംകേട്ട് വീടിനു പുറത്തേക്കിറങ്ങി വന്നപ്പോഴാണ് സലീനബീവിയെ മർദിച്ചത്. ഉടൻ അടൂർ പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞെങ്കിലും പൊലീസ് എത്താൻ വൈകിയെന്നും സലീന പറഞ്ഞു. നൂറനാട് പൊലീസാണ് ആദ്യം എത്തിയത്. പിന്നീടാണ് അടൂർ പൊലീസ് എത്തിയത്. ഇതോടെ അക്രമികൾ രക്ഷപ്പെട്ടു. പിന്നീട് അടൂർ ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ ആദിക്കാട്ടുകുളങ്ങര കള്ളുഷാപ്പിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. സലീനബീവിയുടെ കൈക്ക് പൊട്ടലും 6 തുന്നിക്കെട്ടുമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം ലഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K