21 July, 2023 10:56:31 AM


പേരൂര്‍ മർത്തശ്മൂനി പളളിയില്‍ ഓർമ്മപ്പെരുന്നാൾ; ജൂലൈ 24 മുതൽ ആഗസ്റ്റ് 1 വരെ



ഏറ്റുമാനൂര്‍: ആഗോള തീർത്ഥാടന കേന്ദ്രമായ പേരൂർ മർത്തശ്മൂനി ദൈവാലയത്തിൽ ശുദ്ധിമതിയായ മർത്തശ്മൂനി അമ്മയുടേയും മക്കളായ ഏഴു സഹദേന്മാരുടേയും ഗുരുനാഥനായ മോർ എലിയാസറിന്‍റേയും ഓർമ്മപ്പെരുന്നാൾ ജൂലൈ 24 മുതൽ ആഗസ്റ്റ് 1 വരെ നടക്കും. 

എല്ലാ ദിവസവും രാവിലെ 8.30 ന് അഭിവന്ദ്യ തിരുമേനിമാരുടെ മുഖ്യ കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, വി. അഞ്ചിന്മേൽ കുർബ്ബാന, വി. ഒൻപതിന്മേൽ കുർബ്ബാന, 9.30 ന് മദ്ധ്യസ്ഥ പ്രാർത്ഥന, 10 ന് അനുഗ്രഹ പ്രഭാഷണം എന്നിവ നടത്തപ്പെടും. 

24 ന് അഭി: ഡോ.തോമസ് മോർ തീമോത്തിയോസിന്‍റെ മുഖ്യ കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, തിരുവസ്ത്ര സ്ഥാപന വാർഷികം, ആഗോള മർത്തശ്മൂനി തീർത്ഥാടന ദൈവാലയ പ്രഖ്യാപന വാർഷികം, കൊടി ഉയർത്തൽ എന്നിവ നടക്കും. 

തുടർന്നുള്ള ദിവസങ്ങളിൽ യൂഹാനോൻ മോർ മിലിത്തിയോസ് , മാത്യൂസ് മോർ തേവോദോസ്യോസ് , മാത്യൂസ് മോർ തീമോത്തിയോസ് എന്നിവർ വി. മൂന്നിന്മേൽ കുർബ്ബാനക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.

28 ന് വി. അഞ്ചിന്മേൽ കുർബ്ബാനയ്ക്ക് സഖറിയാസ് മോർ പിലക്സിനോസ് മുഖ്യ കാർമ്മികത്വം വഹിക്കും. 11 മണിക്ക് നടക്കുന്ന കോട്ടയം ഭദ്രാസന മർത്തമറിയം വനിതാ സമാജം മേഖല സമ്മേളനത്തിൽ ഡോ.തോമസ് മോർ തീമോത്തിയോസ് അദ്ധ്യക്ഷത വഹിക്കുന്നതും, സഖറിയാസ് മോർ പീലക്സിനോസ് ഉദ്ഘാടനം ചെയ്യുന്നതുമാണ്. വൈകിട്ട് 7 ന് നടക്കുന്ന മാനസ ക്ലേശപരിഹാര അഖണ്ഡ പ്രാർത്ഥന ഫാ. അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ നയിക്കുന്നതാണ്. 

29 ന് തോമസ് മോർ അലക്സന്ത്രയോസ്, 30 ന് ഐസക് മോർ ഒസ്താത്തിയോസ്, 31 ന് ഡോ ഗീവർഗീസ് മോർ കൂറിലോസ് എന്നിവർ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.  

പ്രധാന പെരുനാൾ ദിവസമായ ആഗസ്റ്റ് 1 ന് ഒൻപതിന്മേൽ കുർബ്ബാനയ്ക്ക് അഭി: കുര്യാക്കോസ് മോർ ഈവാനിയോസ് മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് സമ്മാനങ്ങൾ നൽകും. തുടർന്ന് കൈമുത്ത് നേർച്ച വിതരണം.

വൈകുന്നേരം 3 ന് പ്രദക്ഷിണം, ആശീർവാദം, പാച്ചോർ നേർച്ച വിളമ്പ്, കൊടി ഇറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കുമെന്ന് വികാരി വന്ദ്യ മാണി കോർ എപ്പിസ്കോപ്പ കല്ലാപ്പുറത്ത്, സഹവികാരി ഫാ കെ.കെ തോമസ് കറുകപ്പടി എന്നിവർ അറിയിച്ചു.

ട്രസ്റ്റി പി.കെ. ഉതുപ്പ് ഇളയടത്തുകുഴി സെക്രട്ടറി സി.സി മാണി ചാക്കാശ്ശേരിൽ കൺവീനർമാരായ ചെറിയാൻ ഇട്ടിയവിര അമ്പനാട്ട് മലയിൽ, എൻ.എസ് സ്കറിയ നടുമാലിയിൽ, ജിബു കെ മാത്യു കറുകച്ചേരിൽ,സോജിൻ പി.മാത്യു പൊക്കിടിയിൽ എന്നിവരുടെ നേതൃത്വത്തിൽ   51 അംഗ കമ്മറ്റി പ്രവർത്തിച്ചു വരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K