13 September, 2023 04:09:59 PM


കാട്ടാന ആക്രമണം; വയനാട്ടിൽ കൊല്ലപ്പെട്ട വാച്ചറിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും



വയനാട്:  വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാച്ചർ തങ്കച്ചന്‍റെ കുടുംബത്തിന് വനംവകുപ്പ് നഷ്ടപരിഹാരമായി 11 ലക്ഷം രൂപ നൽകും. വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധിച്ചു. തുടർന്നാണ് നഷ്ടപരിഹാര തുക നല്‍കാന്‍ തീരുമാനമായത്.

അടിയന്തിരമായി അനുവദിക്കുന്ന തുക കൂടാതെ കൂടുതല്‍ തുകയ്ക്കായി മുഖ്യമന്ത്രിക്ക് എഡിഎം പ്രപ്പോസല്‍ നല്‍കും. തങ്കച്ചന്‍റെ ഭാര്യക്ക് താത്ക്കാലിക ജോലി നല്‍കുന്നതിനും നടപടി സ്വീകരിക്കും. താൽക്കാലിക വാച്ചറായി 10 വർഷമായി ജോലി ചെയ്തിരുന്ന തങ്കച്ചന്‍റേത് നിർധന കുടുംബമാണ്. സ്ഥിരമായി ട്രക്കിങ്ങിന് പോകുന്ന വഴിയിലായിരുന്നു തങ്കച്ചനെ കാട്ടാന ആക്രമിച്ചത്.

അടിയന്തിര സഹായമായി 25,000 രൂപ നല്‍കും. ഇന്ന് അഞ്ച് ലക്ഷം രൂപയും പതിനഞ്ച് ദിവസത്തിനകം ബാക്കി തുകയും നല്‍കാനാണ് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവർ തീരുമാനമെടുത്തത്. ഇതിനു പുറമെ തങ്കച്ചന്‍റെ മകള്‍ നേഴ്‌സിംഗ് പഠനത്തിനായി എടുത്ത വിദ്യാഭ്യാസ ലോണ്‍ എഴുതി തള്ളുന്നതിന് ശുപാര്‍ശ ചെയ്യുമെന്നും സര്‍വ്വകക്ഷി യോഗത്തില്‍ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K