04 October, 2023 12:47:07 PM


വയനാട്ടിൽ പുള്ളിമാനിനെ വേട്ടയാടിയ നാലംഗ സംഘം പിടിയിൽ



കൽപ്പറ്റ: പുള്ളി മാനിനെ വേട്ടയാടിയ സംഭവത്തിൽ സഹോദരങ്ങളും വനംവകുപ്പ് താൽക്കാലിക വാച്ചറും ഉൾപ്പടെ നാലുപേർ പിടിയിൽ. വയനാട് വന്യജീവി സങ്കേതം പരിധിയിലാണ് സംഭവം. 

പയ്യമ്പള്ളി കുറുക്കൻമൂലകളപ്പുരക്കല്‍ തോമസ് (ബേബി-67), സഹോദരൻ കളപ്പുരക്കല്‍ കുര്യൻ (റെജി- 58), പയ്യമ്പള്ളി മൊടോമറ്റത്തില്‍ തങ്കച്ചൻ (51), വനംവകുപ്പിലെ താല്‍ക്കാലിക വാച്ചര്‍ അപ്പപ്പാറ ശ്രീമംഗലം ചന്ദ്രൻ (47) എന്നിവരാണ് അറസ്റ്റിലായത്. തോല്‍പെട്ടി വന്യജീവി സങ്കേതം അസി. വൈല്‍ഡ് വാര്‍ഡൻ കെ.പി. സുനില്‍കുമാറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാവിലെ വനംവകുപ്പ് ഫ്ലയിങ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബേഗൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. രാകേഷിന്‍റെ നിര്‍ദേശാനുസരണം തൃശ്ശിലേരി സെക്ഷൻ ഫോറസ്റ്റ് കെ.കെ. രതീഷ്‌കുമാറും സംഘവുമാണ് പരിശോധന നടത്തിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് ബേബിയുടെ വീട്ടില്‍ നിന്ന് അമ്പത് കിലോയോളം മാനിറച്ചി പിടിച്ചെടുത്തത്. മാനിനെ കശാപ്പു ചെയ്യാനുപയോഗിച്ച ഉപകരണങ്ങളും ഇവിടെനിന്ന് കണ്ടെത്തി.

ഇതിന് പിന്നാലെ ബേബിയെയും തങ്കച്ചനെയും ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് ശേഷിച്ച നാലുപേരെ കൂടി അറസ്റ്റ് ചെയ്തത്. സാംപിള്‍ ശേഖരിച്ച ശേഷം ബേബിയെയും തങ്കച്ചനെയും തോല്‍പെട്ടി അസി. വൈല്‍ഡ്‌ലൈഫ് വാര്‍ഡന് കൈമാറി. തോല്‍പെട്ടി വന്യജീവി സങ്കേതം ജനവാസകേന്ദ്രവുമായി അതിരിടുന്ന താഴെകുറുക്കൻമൂലക്കു സമീപത്തെ ചെങ്ങോട്ടാണ് നാലംഗ സംഘം കെണിയൊരുക്കി പുള്ളിമാനെ വേട്ടയാടിയത്.

പുള്ളിമാനെ പിടികൂടാൻ ചന്ദ്രനാണ് കെണിവെച്ചതെന്ന് ബേബിയും തങ്കച്ചനും മൊഴി നൽകി. ഇതോടെ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ചന്ദ്രനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെ ചന്ദ്രനും റെജിയും തോല്‍പെട്ടി അസി. വൈല്‍ഡ് ലൈഫ് ഓഫിസില്‍ കീഴടങ്ങുകയായിരുന്നു.

പ്രതികളെ പിടികൂടിയ സംഘത്തില്‍ ബാവലി സെക്ഷൻ ഫോറസ്റ്റ് ഓഫിസര്‍ ടി. കൃഷ്ണൻ, ദാസൻഘട്ട സെക്ഷൻ ഫോറസ്റ്റ് ഓഫിസര്‍ രാമകൃഷ്ണൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എസ്.ആര്‍. നവീൻ, വി.ജെ. ശരണ്യ, ആല്‍ബിൻ ജെയിംസ്, എം. രാജേഷ്, ഫോറസ്റ്റ് വാച്ചര്‍മാരായ പി.എ. രാജേഷ്, വി.ആര്‍. നന്ദകുമാര്‍, അറുമുഖൻ, ശിവരാജൻ, ഡ്രാവര്‍ ടി. ഷമീര്‍ എന്നിവര്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K