25 September, 2023 08:26:04 AM
പനവല്ലിയെ വിറപ്പിച്ച കടുവയെ മയക്കുവെടി വയ്ക്കാന്‍ അനുമതി; നടപടി ഇന്ന് തുടങ്ങും
മാനന്തവാടി: ഒന്നരമാസമായി പനവല്ലിക്കാരുടെ ഉറക്കം നഷ്ടപ്പെടുത്തിയ കടുവയെ മയക്കുവെടിവയ്ക്കാനുള്ള നടപടികൾ ഇന്ന് തുടങ്ങും. വനംവകുപ്പിന്‍റെ വെറ്റിനറി ടീം രാവിലെ പത്തുമണിയോടെ പനവല്ലിയിൽ എത്തും. ഇതിനു ശേഷമാകും തുടർനടപടികൾ. മൂന്ന് കൂട്, 30 ക്യാമറകൾ, വനംവകുപ്പ് പരിശോധന ഇവയിലൊന്നും കടുവ കുടുങ്ങാതെ വന്നതോടെയാണ് മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് എത്തുന്നത്. കടുവയെ കാടുകയറ്റാൻ രണ്ടുതവണയാണ് നാടിളക്കി തിരച്ചിൽ നടത്തിയത്. എന്നാല്‍ ഒന്നിലും കടുവ കുലുങ്ങിയില്ലെന്ന് മാത്രമല്ല കൂട്ടിലായുമില്ല.
കൂട്ടിലൊഴികെ എല്ലായിടത്തും കടുവയെത്തി. കഴിഞ്ഞ ദിവസം പുഴക്കര കോളനിയിലെ കയമയുടെ വീടിനകത്ത് വരെ കടുവ കയറി. ഇതോടെ നാട്ടുകാരുടെ പ്രതിഷേധത്തിന്‍റെ സ്വരത്തില്‍ വ്യക്തമായ വ്യത്യാസമുണ്ടായത്. സ്ഥിതി നാൾക്കുനാൾ രൂക്ഷമാകുന്നു എന്ന് വ്യക്തമാക്കുന്ന നോർത്ത് വയനാട് ഡിഎഫ്ഒയുടെ റിപ്പോർട്ട് സഹിതമാണ് വെടിവയ്ക്കാനുള്ള അനുമതി തേടി ഉത്തരമേഖലാ സിസിഎഫ് ശുപാർശ ചെയ്തത്. ഒടുവിൽ മയക്കുവെടി വയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ ഉത്തരവെത്തി.
നോർത്ത് വയനാട് അഞ്ച് എന്ന് പേരുള്ള കടുവയാണ് ജനവാസ മേഖലയിലെത്തിയത് എന്ന് ക്യാമറ ട്രാപ്പുകളിൽ നിന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡോ. അജേഷിൻ്റെ നേതൃത്വത്തിലുള്ള വെറ്റിനറി ടീമാണ് ദൗത്യത്തിന് പനവല്ലിയിലേക്ക് എത്തുക.
കടുവയെ പിടികൂടിയാൽ, മുത്തങ്ങയിൽ എത്തിച്ച് വിശദമായ ആരോഗ്യ പരിശോധന പൂർത്തിയാക്കും. ഇരതേടാൻ കഴിവില്ലാത്ത കടുവകളാണ് സാധാരണ ജനവാസ മേഖലയിലെത്തി വളർത്തു മൃഗങ്ങളെ വേട്ടയാടാറുള്ളത്. കടുവയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ മതിയായ ചികിത്സ നൽകി ഉൾക്കാട്ടിൽ തുറന്നുവിടാനാണ് മുഖ്യവനപാലകൻ്റെ ഉത്തരവ്. കടുവയെ തേടിപ്പിടിച്ച് മയക്കുവെടിവയ്ക്കുക ശ്രമകരമാണ്. അതിനാൽ സർവസജ്ജമായ സംഘമാകും ദൌത്യത്തിന് പനവല്ലിയിലുണ്ടാവുക. നോർത്ത് വയനാട് ഡിഎഫ്ഒയ്ക്ക് ആണ് ദൌത്യത്തിൻ്റെ പൂർണ ചുമതല.