20 October, 2023 01:14:18 PM
ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് തുടക്കം
കൊച്ചി : ആദി ശങ്കരാചാര്യ സ്വാമികൾ ഹരിശ്രീ കുറിച്ച നെടുമ്പാശ്ശേരി ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ ഒക്ടോബർ 15 മുതൽ 24 വരെ നീണ്ട് നിൽക്കുന്ന നവരാത്രി മഹോത്സവം വിശേഷ ദിവസങ്ങളിലേക്ക് കടന്നു. ഒക്ടോബർ 22 ഞായറാഴ്ച്ച ദുർഗ്ഗാഷ്ടമി ദിനത്തിലാണ് പൂജവെപ്പ്. അലങ്കരിച്ച സരസ്വതി മണ്ഡപത്തിലാണ് പുസ്‌തകങ്ങളും സംഗീത വാദ്യ ഉപകരണങ്ങളും ചിലങ്കയും പൂജക്ക് വെക്കുന്നത്. മഹാനവമി ഒക്ടോബർ 23 നും വിജയദശമി 24 നും ആണ്. വിജയദശമി ദിനത്തിലാണ് പൂജയെടുപ്പ്.
വിദ്യയുടെ അധിദേവതകളായ പ്രഥമ ഗുരു ദക്ഷിണാമൂർത്തിയും ഗണപതിയും സരസ്വതിയും സമ്മേളിക്കുന്ന സങ്കേതമായ സരസ്വതി ക്ഷേത്രത്തിൽ നിത്യവും വിദ്യാരംഭം നടന്നു വരുന്നു. വിജയദശമി ദിനത്തിൽ വിദ്യാരംഭം വിശേഷാൽ നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്. ക്ഷേത്രത്തിൽ മഹാനവമി ഒഴികെ എല്ലാ ദിവസവും വിദ്യാരംഭം നടത്തുവാൻ സാധിക്കും. വിജയദശമി ദിനത്തിൽ 1200 കുട്ടികൾക്ക് വിദ്യാരംഭം നടത്തുവാൻ ഉള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. വിജയദശമി ദിനത്തിലെ വിദ്യാരംഭത്തിന് ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ്. ബുക്ക് ചെയ്യുവാനുള്ള ലിങ്ക് ക്ഷേത്ര വെബ്‌സൈറ്റിൽ ലഭ്യമാണ്.
തന്ത്രി പ്രതിനിധി നാരായണമംഗലത്ത് ഇല്ലത്തു ഗോവിന്ദൻ നമ്പൂതിരി, ആവണപ്പറമ്പ് പ്രദീപ് നമ്പൂതിരിപ്പാട്, കാലടി ശ്രിംഗേരി മഠത്തിൽ നിന്നും സംസ്കൃത പണ്ഡിതർ, കാലടി ശ്രീ ശങ്കര കോളേജിലെ സംസ്കൃത വിഭാഗം ഹെഡ് അനിൽ വെൺമണി, അഡ്വ. ജയശങ്കർ, നാടകകൃത്ത് ശ്രീമൂലനഗരം മോഹൻ, കവിയും എഴുത്തുകാരനുമായ പാലേലി മോഹൻ, കെ എൻ കെ നമ്പീശൻ, എഴുത്തുകാരനായ സുരേഷ് നാരായണൻ, തുടങ്ങിയവരുൾപ്പടെ അധ്യാപകരും പണ്ഡിത ശ്രേഷ്ഠരും കലാകാരന്മാരും അടങ്ങിയ പതിനഞ്ചോളം ആചാര്യന്മാർ ഉണ്ടായിരിക്കും.
15 ന് ദേവിക്ക് പ്രിയപ്പെട്ട വീണാ നാദത്തോടെ 32 ആമത് നവരാത്രി നൃത്ത-സംഗീതോത്സവത്തിന് തുടക്കമായി. സംഗീതജ്ഞൻ നെടുംകുന്നം വാസുദേവനും, നർത്തകിയും ഗായകിയുമായ ഡോ. ലക്ഷ്‌മി എസ് മേനോനും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. മഹാനവമി ദിനത്തിലെ സംഗീതോത്സവത്തിന് പ്രസിദ്ധ ഗാന രചയിതാവ് ചിറ്റൂർ ഗോപി ഉദ്ഘാടനം നിർവ്വഹിക്കും. വിജയദശമി ദിനത്തിലെ സംഗീതോത്സവത്തിന് പ്രശസ്‌ത സംഗീതജ്ഞൻ കണ്ണൻ ജി നാഥും, ശ്രീ ശങ്കര യൂണിവേഴ്‌സിറ്റി ഓഫ് സാൻസ്ക്രിറ് മ്യൂസിക് വിഭാഗം ഹെഡ് പ്രീതി സതീഷും ചേർന്ന് ഉദ്ഘാടനം നിർവ്വഹിക്കും. 10 ദിവസമായി നടക്കുന്ന നൃത്ത-സംഗീതോത്സവത്തിൽ അൻപതോളം പ്രഫഷണൽ കലാകാരന്മാർ പങ്കെടുക്കുന്നു.
600 കുട്ടികൾ സംഗീതാരാധനയും നൃത്താരാധനയും അരങ്ങേറ്റവും ചെയ്യുന്നു. ഒക്ടോബർ 24 ന് വൈകീട്ട് 6 മണിക്ക് 32 ആമത് നൃത്ത സംഗീതോത്സവത്തിൻ്റെ സമാപന സമ്മേളനം പ്രശസ്‌ത നർത്തകി മായാറാണി ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് നിരവധി ഗായകരും വാദ്യ കലാകാരന്മാരും ഒരുമിച്ച് അവതരിപ്പിക്കുന്ന പഞ്ചരത്ന കീർത്തനാലാപനത്തോടെ നൃത്തസംഗീതോത്സവത്തിന് സമാപനമാകും.
ക്ഷേത്രത്തിലേക്ക് എത്തുന്നതിനായി കെഎസ്ആർടിസിയുടെ സ്പെഷ്യൽ ബസ് സർവീസ് ഉണ്ടായിരിക്കും. ഒക്ടോബർ 24 ന് നാഷണൽ ഹൈവേയിൽ അത്താണി എയർപോർട്ട് സിഗ്‌നൽ ജംഗ്ഷനിൽ നിന്നും ഓരോ 40 മിനിറ്റ് ഇടവേളയിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 മണി വരെ ക്ഷേത്രത്തിലേക്കും തിരിച്ച് അത്താണി എയർപോർട്ട് സിഗ്‌നൽ ജംഗ്ഷനിലേക്കും ബസ് ഉണ്ടാകും. ബസ് പാർക്ക് ചെയ്യുന്ന സ്ഥലത്ത് ഇൻഫർമേഷൻ കൗണ്ടറും ഉണ്ടായിരിക്കും. ക്ഷേത്രത്തിൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ഫസ്റ്റ് എയിഡ് സംവിധാനവും ഉണ്ടായിരിക്കും.
ഭക്തജനങ്ങളുടെ തിരക്ക് കണക്കാക്കി വിശാലമായ പന്തൽ സംവിധാനവും, ക്യൂ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പന്തലിന്റെ കാൽനാട്ട് കർമ്മം എൻ എഫ് ടി സി ഇന്ത്യ റിജിയണൽ ചെയർമാനും, നവരാത്രി ആഘോഷ കമ്മിറ്റിയുടെ ജനറൽ കൺവീനറായ കെ പി മനോജ് കുമാർ നിർവ്വഹിച്ചിരുന്നു. ലൈറ്റ് & സൗണ്ട് വിഭാഗത്തിന്റെ സ്വിച്ച് ഓൺ കർമ്മം നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശോഭ ഭരതൻ നിർവഹിച്ചു. എല്ലാ ദിവസവും വൈകുന്നേരങ്ങളിലും, നവമി, ദശമി ദിവസങ്ങളിൽ 3 നേരവും ക്ഷേത്രത്തിൽ അന്നദാനം ഉണ്ടായിരിക്കുന്നതാണ്.
നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും വിശേഷാൽ പൂജകളും, നിവേദ്യങ്ങളും ഉണ്ടായിരിക്കും. വിദ്യാർത്ഥികൾക്കും കലാകാരന്മാർക്കും ഉത്തമമായ സാരസ്വത മന്ത്രം ജപിച്ച സേവിക്കാൻ സാധിക്കുന്ന ആയുർവ്വേദ നെയ്യ് ക്ഷേത്രത്തിൽ ലഭ്യമായിരിക്കും. ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയായ നാവ്-മണി-നാരായം സമർപ്പണം നവരാത്രി ദിനങ്ങളിൽ ചെയ്യുവാൻ സാധിക്കും. വിശേഷാൽ പൂജകളും, നിറമാല ചുറ്റുവിളക്കും, അന്നദാനവും ഭക്തർക്ക് വഴിപാടായി ചെയ്യാവുന്നതാണ്. മലർപ്പറ, വിദ്യാവാഗീശ്വരി പൂജ തുടങ്ങിയ പ്രധാന വഴിപാടുകൾ ഈ ദിവസങ്ങളിൽ കഴിക്കുവാൻ സാധിക്കും.
കേരള ക്ഷേത്ര സേവാ ട്രസ്റ്റിനു കീഴിലുള്ള ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങളെ രക്ഷാധികാരി എം പി നാരായണൻ, , കേരള ക്ഷേത്ര സേവാ ട്രസ്റ്റ് ജനറൽ സെക്രട്ടറി പി ശശികുമാർ, ട്രഷറർ സജീഷ് കെ ആർ, അസിസ്റ്റൻ്റ് സെക്രട്ടറി സുദീപ് എം, ജനറൽ കൺവീനർ കെ പി മനോജ് കുമാർ, ചീഫ് കോ-ഓർഡിനേറ്റർ ദേവൻ കോലത്ത് (ഷാംദേവ്) തുടങ്ങിയവർ വിശദീകരിച്ചു.