28 May, 2024 07:05:26 PM
വീട്ടമ്മയെയും മകനെയും ഭീഷണിപ്പെടുത്തി; കാർ കത്തിച്ചു: പാലായില്‍ ഒരാള്‍ അറസ്റ്റില്‍
പാലാ : വീടിന്റെ മുറ്റത്ത് അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും ഭീഷണിപ്പെടുത്തുകയും, കാർ കത്തിക്കുകയും ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി മീനച്ചിൽ പാലാക്കാട് ഭാഗത്ത് മേക്കടൂർ വീട്ടിൽ അനൂപ്. ജി (46) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വെളുപ്പിന് 01.00 മണിയോടുകൂടി ളാലം ഭാഗത്തുള്ള വീട്ടമ്മയുടെ വീടിന്റെ മുറ്റത്ത് അതിക്രമിച്ചു കയറുകയും, വീട്ടമ്മയും മകനെയും ഭീഷണിപ്പെടുത്തുകയും, വീടിനോട് ചേർന്ന് മുൻവശത്ത് കിടന്നിരുന്ന കാർ പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു.
സംഭവത്തില്‍ വീടിനു കേടുപാട് സംഭവിക്കുകയും, പുക ശ്വസിച്ചതില്‍ വീട്ടമ്മക്കും മകനും ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. സംഭവത്തിനുശേഷം ഇയാൾ സ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്കെതിരെ വീട്ടമ്മ മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു ഇതിലുള്ള വിരോധം മൂലമാണ് ഇയാൾ ആക്രമിച്ചത്. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.