17 December, 2015 08:49:51 AM


150 വര്‍ഷത്തെ ചരിത്രത്തിലൂടെ കാഴ്‌ചക്കാരെ കൈപിടിച്ചു നടത്തുന്ന മൊബൈല്‍ ചിത്രപ്രദര്‍ശനം


mangalam malayalam online newspaper

ആലപ്പുഴ: രജിസ്‌ട്രേഷന്‍ വകുപ്പിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്‌ളിക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ സഹകരത്തോടെ അപൂര്‍വ രേഖകളുടെയും മുദ്രപ്പത്രങ്ങളുടെയും ഉപകരണങ്ങളുടെയും ചിത്രങ്ങളാണ്‌ മൊബൈല്‍ പ്രദര്‍ശനത്തിലൊരുക്കിയിട്ടുള്ളത്‌.  ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ്‌ പ്രദര്‍ശനം
1101ല്‍ ശ്രീനാരായണ ഗുരു നാവായിക്കുളം സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ രജിസ്‌റ്റര്‍ ചെയ്‌ത 12-ാം നമ്പര്‍ വില്‍പ്പത്രം, വൈക്കം മുഹമ്മദ്‌ ബഷീര്‍ കോഴിക്കോട്‌ ഫറോഖ്‌ സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ രജിസ്‌റ്റര്‍ ചെയ്‌ത വിലയാധാരം, 1986ല്‍ നടന്‍ പ്രേംനസീര്‍ ചിറയന്‍കീഴ്‌ സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ മകളുടെ പേര്‍ക്ക്‌ നടത്തിയ ഇഷ്‌ടദാന ആധാരം തുടങ്ങി രജിസ്‌ട്രേഷന്‍ വകുപ്പിന്റെ 150 വര്‍ഷത്തെ ചരിത്രത്തിലൂടെ കാഴ്‌ചക്കാരെ കൈപിടിച്ചു നടത്തുന്നു മൊബൈല്‍ ചിത്രപ്രദര്‍ശനം.

കവയത്രി കമലാ സുരയ്യ സാഹിത്യ അക്കാദമിക്ക്‌ ദാനമായി നല്‍കിയ വസ്‌തുവിന്റെ ആധാരം, പൂഞ്ഞാര്‍ സബ്‌രജിസ്‌ട്രാര്‍ ഓഫീസില്‍ രജിസ്‌റ്റര്‍ ചെയ്‌ത പൂഞ്ഞാര്‍ രാജവംശത്തിന്റെ മരുമക്കത്തായ സമ്പ്രദായത്തിലുള്ള 1951ലെ ഭാഗപത്രം, 1867ല്‍ കൊല്ലം ജില്ലാ രജിസ്‌ട്രാര്‍ ഓഫീസില്‍ രജിസ്‌റ്റര്‍ ചെയ്‌ത മലയാണ്മ ഭാഷയിലുള്ള ആദ്യ ആധാരം തുടങ്ങി അപൂര്‍വ രേഖകളുടെ കലവറയാണ്‌ പ്രദര്‍ശനം. കൊച്ചി സര്‍ക്കാരിന്റെ കാലത്തെ എട്ടണയുടെയും 15 ഉറുപ്പികയുടെയും മൂന്നു രൂപയുടെയും മുതല്‍ പുതിയതായി ഇറക്കിയ മുദ്രപ്പത്രങ്ങളുടെ വരെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്‌. ആധാരമെഴുത്തിന്‌ പണ്ട്‌ ഉപയോഗിച്ചിരുന്ന പേന, തട്ട്‌, മുദ്ര, പട്ട, ഉപകരണങ്ങളായ തോല, പങ്ക, മഷിപ്പലക, ജില്ലാ രജിസ്‌ട്രാരുടെ ഇരിപ്പിടം, സാക്ഷിക്കൂട്‌, പണം സൂക്ഷിക്കുന്ന പെട്ടി തുടങ്ങി പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ ഉപയോഗിച്ച ഉപകരണങ്ങളുടെ ചിത്രങ്ങളും കാണാം.
 ആലപ്പുഴ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലും കലക്‌ടറേറ്റിലും ഇന്നലെ  ചിത്രപ്രദര്‍ശനം നടന്നു.
ഇന്ന്‌ കായംകുളം, ഹരിപ്പാട്‌, അമ്പലപ്പുഴ എന്നിവിടങ്ങളിലും നാളെ ചേര്‍ത്തല, കുത്തിയതോട്‌ എന്നിവിടങ്ങളിലും പ്രദര്‍ശനം നടത്തും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K