07 September, 2024 09:30:08 AM
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി; പി വി അന്‍വറിന്‍റെ മൊഴി ഇന്നെടുക്കും
മലപ്പുറം: എഡിജിപി എം ആര്‍ അജിത് കുമാര്‍, സസ്‌പെന്‍ഷനിലുള്ള മലപ്പുറം എസ്പി സുജിത് ദാസ് എന്നിവര്‍ക്കെതിരായ പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും മലപ്പുറത്തെത്തി മൊഴി രേഖപ്പെടുത്തുക.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപങ്ങളില്‍ പഴുതടച്ചുള്ള അന്വേഷണമാണ് പ്രത്യേക അന്വേഷണ സംഘം നടത്തുന്നത്. മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം ഇന്നെത്തുമെന്നുള്ള കാര്യം പി വി അന്‍വര്‍ എംഎല്‍എ ഇന്നലെ അറിയിച്ചിരുന്നു. പരമാവധി തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും അന്‍വര്‍ എംഎല്‍എ വ്യക്തമാക്കി.
ദിവസങ്ങള്‍ക്ക് മുന്‍പാണ് എഡിജിപി എം ആര്‍ അജിത് കുമാറിനും മലപ്പുറം എസ്പി സുജിത് ദാസിനുമെതിരെ പി വി അന്‍വര്‍ എംഎല്‍എ തുറന്നയുദ്ധം തുടങ്ങിയത്. ഇരുവര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു അന്‍വര്‍ എംഎല്‍എ ഉന്നയിച്ചത്. എഡിജിപി എം ആര്‍ അജിത് കുമാര്‍ കൊടും ക്രിമിനലെന്നായിരുന്നു അന്‍വറിന്റെ ആരോപണം. 'സ്വര്‍ണംപൊട്ടിക്കലി'ല്‍ അടക്കം ഇടപെടല്‍ നടത്തുന്നു എന്നായിരുന്നു സുജിത് ദാസിനെതിരായ അന്‍വറിന്റെ പ്രധാന ആരോപണം. വാര്‍ത്താസമ്മേളനം നടത്തിയും അന്‍വര്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു.