12 February, 2026 10:13:40 PM


ഏറ്റുമാനൂർ ഉത്സവം: പാരമ്പര്യതനിമയിൽ ചിരട്ടതവികൾ സമര്‍പ്പിച്ചു



ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിലെ ഉത്സവ ആവശ്യത്തിനുള്ള ചിരട്ട തവി സമർപ്പണം വ്യാഴാഴ്ച നടന്നു. ക്ഷേത്രത്തിന്‍റെ  പാരമ്പര്യ സ്ഥപതി സ്ഥാനീയരായ  ഏറ്റൂമാനൂര്‍ പഴമയില്‍  ആചാരിമാരാണ് ചിരട്ടതവികൾ തയ്യാറാക്കി നൽകിയത്. അവകാശികളായ രതീഷ് സോമൻ, രാകേഷ് സോമൻ എന്നിവരിൽ നിന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് അഭിലാഷ് തവികൾ ഏറ്റുവാങ്ങി.

ക്ഷേത്രത്തിന്‍റെ  നിര്‍മ്മാണത്തിനും  ആദ്യകൊടിമരപ്രതിഷ്ഠയ്ക്കും  നേതൃത്വം നല്‍കിയത് പഴമയില്‍  ആചാരിമാര്‍ ആയിരുന്നു. പഴമയില്‍ ആചാരിമാര്‍ക്ക് ക്ഷേത്രത്തില്‍ നിന്ന് ചില അവകാശങ്ങളും ഉണ്ട്. എല്ലാ വര്‍ഷവും കൊടിയേറ്റുനാള്‍  മൂത്താശാരിക്കായി ഒരു പറ നെല്ലും നാളികേരവും ഉത്സവത്തിനായി 16 പണവും നല്‍കിയിരുന്നു. ഉത്സവം  തുടങ്ങുന്നതിന് മുന്‍പായി ഉത്സവ ആവശ്യത്തിനുള്ള ചിരട്ടതവികൾ തയ്യറാക്കി നല്‍കണമെന്നും നിബന്ധന ചെയ്തിരുന്നു. ഇതിന് മുടക്കം വരുത്തുന്നത് ദേവന്‍റെ അനിഷ്ടത്തിന് കാരണമാകുമെന്നതിനാൽ മുടക്കമില്ലാതെ എല്ലാ വര്‍ഷവും നടത്തിപ്പോരുന്നു.

തവി സമര്‍പ്പണചടങ്ങിൽ ഉപദേശകസമിതി സെക്രട്ടറി മഹേഷ്‌ രാഘവൻ, വൈസ് പ്രസിഡന്റ്‌ ഭുവനേന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ ബിനുകുമാർ, ഗോപകുമാർ, ഗുണശേഖരൻ എന്നിവർ സന്നിഹിതരായിരുന്നൂ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K