17 June, 2025 11:43:51 AM


പ്രണയവിവാഹം: ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തമിഴ്നാട് എഡിജിപി അറസ്റ്റില്‍



ചെന്നൈ: പ്രണയവിവാഹത്തെ തുടര്‍ന്ന് ആണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ തമിഴ്‌നാട്ടില്‍ എഡിജിപി എച്ച്എം ജയറാം അറസ്റ്റില്‍. പ്രണയവിവാഹത്തെച്ചൊല്ലിയുള്ള കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മദ്രാസ് ഹൈക്കോടതി ജയറാമിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പോലീസിനു മുന്നില്‍ ഹാജരാകാന്‍ എംഎല്‍എയും പുരട്ച്ചി ഭാരതം പാര്‍ട്ടിയുടെ നേതാവുമായ പൂവൈ ജഗന്‍ മൂര്‍ത്തിയോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജഡ്ജി രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ''പോലീസ് അന്വേഷണത്തെ നിങ്ങള്‍ എന്തിനാണ് ഭയപ്പെടുന്നത്, ഒരു എംഎല്‍എ ജനങ്ങള്‍ക്ക് മാതൃകയായിരിക്കണം,'' കോടതി പറഞ്ഞു. പാര്‍ട്ടി അംഗങ്ങളുടെ അകമ്പടിയില്ലാതെ ഹാജരാകണമെന്ന് മൂർത്തിയോട് നിർദേശിച്ച കോടതി രാഷ്ട്രീയ നേതാക്കള്‍ നിയമ നടപടി ഒഴിവാക്കാന്‍ തങ്ങളുടെ സ്വാധീനം ദുരുപയോഗം ചെയ്യരുതെന്നും മുന്നറിയിപ്പ് നല്‍കി.


തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ എംഎല്‍എയെ തടങ്കലില്‍ വയ്ക്കുന്നതില്‍ നിന്ന് അയാളുടെ അനുയായികള്‍ നിയമപാലകരെ തടഞ്ഞതായി പോലീസ് കോടതിയെ അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചുവെങ്കിലും അതില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് അന്വേഷണത്തോടുള്ള എംഎല്‍എയുടെ സഹകരണം വിലയിരുത്തുമെന്നും കോടതി സൂചന നല്‍കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K