03 November, 2026 11:44:06 AM


നേപ്പാളിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു



കാഠ്മണ്ഡു: നേപ്പാളില്‍ എവറസ്റ്റ് മേഖലയില്‍ രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് അപകടം. നേപ്പാളിലെ എവറസ്റ്റ് മേഖലയിലുള്ള സോലുഖുംബു ജില്ലയില്‍ ലാന്‍ഡിങ്ങിനിടെയാണ് സംഭവം.ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യന്‍ വിനോദസഞ്ചാരി കൊല്ലപ്പെട്ടു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എയര്‍ ഡൈനാസ്റ്റി, ഫിഷ്ടെയില്‍ എയര്‍ എന്നീ കമ്പനികളുടെ ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ചത്. ഖുംബു പസാങ് ലാമു ഗ്രാമസഭയിലെ നാലാം വാര്‍ഡിലുള്ള പെരിച്ചെയില്‍ രാവിലെ 8.11ഓടെ ലാന്‍ഡ് ചെയ്യുന്നതിനിടെ ഇന്ന് രാവിലെയായിരുന്നു അപകടം. 

ഫിഷ്ടെയില്‍ എയറിന്റെ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തിരുന്ന ഇന്ത്യന്‍ പൗരന്‍ വസന്ത് കുമാര്‍ ബാലരാമരമാഡുവാണ് മരിച്ചത്. മൃതദേഹം ലുക്ലയിലെ ആശുപത്രിയിലേക്ക് മാറ്റി. അതേ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തിരുന്ന ഇന്ത്യന്‍ വംശജനായ ന്യൂസിലന്‍ഡ് പൗരന്‍ ഷൈലേഷ് കൃഷ്ണ പട്ടേലിനും പരിക്കേറ്റു. പ്രഭു എയറിന്റെ ഹെലികോപ്റ്ററില്‍ ഇദ്ദേഹത്തെ കാഠ്മണ്ഡുവിലെ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ രണ്ട് ഹെലികോപ്റ്ററുകളുടെയും പൈലറ്റുമാര്‍ക്കും നിസാര പരിക്കേറ്റു. ഇവരെയും തുടര്‍ചികിത്സയ്ക്കായി കാഠ്മണ്ഡുവിലേക്ക് മാറ്റി. അപകടസമയത്ത് രണ്ട് ഹെലികോപ്റ്ററുകളിലുമായി എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന വിവരം ഇതുവരെ വ്യക്തമായിട്ടില്ല. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911