27 November, 2026 08:04:17 PM


വനിതാ കളക്ടര്‍ക്ക് മോശം സന്ദേശം അയച്ചെന്ന പരാതി; ടിവികെ എംഎൽഎ അറസ്റ്റിൽ



ചെന്നൈ: വനിതാ കളക്ടര്‍ക്ക് അശ്‌ളീല സന്ദേശം അയച്ചെന്ന പരാതിയില്‍ തമിഴക വെട്രി കഴകം എംഎല്‍എ സി അരുള്‍ വിഘ്നേഷിനെ അറസ്റ്റ് ചെയ്തു. കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ജെ ഇ പത്മജയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന പരാതിയിലാണ് നടപടി. വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് മോശമായ സന്ദേശങ്ങള്‍ അയക്കുകയും മോശമായി പെരുമാറിയെന്നുമാണ് എംഎല്‍എയ്‌ക്കെതിരായ ആരോപണം.

അനുചിതമായ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചതായും ഉദ്യോഗസ്ഥയുടെ വസ്ത്രധാരണത്തില്‍ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തിയതായും പരാതിയുണ്ട്. പൊതുപരിപാടികളില്‍ വെച്ച് അനാവശ്യമായി ശാരീരിക അടുപ്പത്തിന് ശ്രമിച്ചതായും രാത്രിയില്‍ ഔദ്യോഗിക വസതിയിലെത്താന്‍ ശ്രമിച്ചതായുമുള്ള ആരോപണങ്ങളാണ് എംഎല്‍എയ്‌ക്കെതിരെയുള്ളത്.

നവംബര്‍ 23ന് കളക്ടര്‍ കള്ളക്കുറിച്ചി പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയ്‌ക്കെതിരെ അഞ്ച് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ വലിയ വിമര്‍ശനവുമായി ഡിഎംകെ എംപി കനിമൊഴി രംഗത്തെത്തിയിരുന്നു. പിന്നാലെ എംഎല്‍എയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിഎംകെയും എഐഎഡിഎംകെയും രംഗത്തെത്തി. ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്ത് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.

വിഷയത്തില്‍ മദ്രാസ് ഹൈക്കോടതിയും ഇടപെട്ടു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. അന്വേഷണ ചുമതല തിരുപ്പൂര്‍ പൊലീസ് സൂപ്രണ്ടിന് കൈമാറി. പരാതിയില്‍ അന്വേഷണം നടത്താന്‍ നാല് അംഗങ്ങളുള്ള ആഭ്യന്തര പരാതി പരിഹാര സമിതിയും (ICC) തമിഴ്‌നാട് സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. 60 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി പോഷ് നിയമപ്രകാരം തുടര്‍നടപടികള്‍ ശുപാര്‍ശ ചെയ്യാനാണ് നിര്‍ദേശം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942