10 November, 2026 01:25:24 PM
തമിഴ്‌നാട്ടിൽ വിഷവാതകം ശ്വസിച്ച് മൂന്ന് കരാർ തൊഴിലാളികൾക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിൽ മലിനജല സംഭരണ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്ന് കരാർ തൊഴിലാളികൾക്ക് ദാരുണാന്ത്യം. കൃഷ്ണഗിരി ജില്ലയിൽ ഹൊസൂരിന് സമീപം പ്രവർത്തിക്കുന്ന ടാറ്റ ഇലക്ട്രോണിക്‌സ് പ്ലാന്റിലാണ് അപകടം സംഭവിച്ചത്. ധർമപുരി സ്വദേശികളായ സാരഥി കുമാർ (25), അക്മൽ ബാബു ഭായ് (28), കാവേരി (31) എന്നിവരാണ് മരിച്ചത്. നെൽകോ എന്ന കരാർ ഏജൻസിക്ക് കീഴിൽ ജോലി ചെയ്തിരുന്നവരാണ് ഇവർ.
തിങ്കളാഴ്ച (നവംബർ 9) വൈകീട്ട് 5.10-ഓടെ പ്ലാന്റിലെ മലിനജലം ശേഖരിക്കുന്ന നാനോ ഫിൽട്ടർ ടാങ്ക് ശുചീകരിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ടാങ്കിന്റെ മൂടി തുറന്ന അക്മൽ ബാബു പുറത്തുവന്ന വിഷവാതകം ശ്വസിച്ച് ഉള്ളിലേക്ക് വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സാരഥി കുമാറും കാവേരിയും അപകടത്തിൽപ്പെട്ടത്. സുരക്ഷാ വിഭാഗം മൂവരെയും ഉടൻ പുറത്തെടുത്ത് ഹൊസൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടസാധ്യതയുള്ള വ്യാവസായിക ടാങ്കുകൾ വൃത്തിയാക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ തൊഴിലാളികൾക്ക് ഉറപ്പാക്കിയിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.




